തിരുവനന്തപുരം: മര്യനാട് ഡൊമിനിക് വധക്കേസില്‍ പ്രതികളായ ഡൊമിനിക്കിന്റെ മകള്‍ക്കും മരുമകനും ജീവപര്യന്തം കഠിനതടവ്. ഇവരുടെ സഹായിയും അയല്‍വാസിയുമായ സി.പി.എം. നേതാവിനെ ഏഴുവര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. 

കൊല്ലപ്പെട്ട ഡൊമിനിക്കിന്റെ മകള്‍ ഷാമിനി എന്ന ഡാളി, മരുമകന്‍ ബിജില്‍ റോക്കി എന്നിവരെയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. സി.പി.എം. കഴക്കൂട്ടം ഏരിയാക്കമ്മിറ്റി അംഗം സ്നാഗപ്പനെ ഏഴുവര്‍ഷം കഠിനതടവിനും കോടതി ശിക്ഷിച്ചു. സ്നാഗപ്പനുവേണ്ടി സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി നിരസിച്ചു. ശിക്ഷാകാലാവധി ഏഴുവര്‍ഷമായതിനാല്‍ വിചാരണക്കോടതിക്കു ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

Murder
പ്രതീകാത്മക ചിത്രം

കേസിലെ മറ്റു രണ്ടു പ്രതികള്‍ ഇപ്പോഴും ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. സംഭവസമയത്ത് ഇവര്‍ കുട്ടികളായിരുന്നതുകൊണ്ടാണ് കേസ് ജുവനൈല്‍ കോടതി പരിഗണിക്കുന്നത്. 

ഭാര്യ മരിച്ചുപോയ ഡൊമിനിക്, പുനര്‍വിവാഹം ചെയ്താല്‍ സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്ന ഭയമാണ് കൊലപാതകത്തിനു കാരണമായത്. സ്വത്തുക്കള്‍ മകന്റെയും മകളുടെയും പേരില്‍ എഴുതിനല്‍കണമെന്നാവശ്യപ്പെട്ട് മരുമകന്‍ ഉള്‍പ്പെടെയുള്ളവര്‍ ഡൊമിനിക്കുമായി വഴക്കുണ്ടാക്കി. വഴക്കിനിടയില്‍ പ്രതികള്‍ ഡൊമിനിക്കിനെ മര്‍ദിച്ചു. ഡൊമിനിക്കിന്റെ തല ചുവരില്‍ ശക്തിയായി ഇടിച്ചത് മരണകാരണവുമായി. മരിച്ച ഡൊമിനിക്കിനെ പ്രതികള്‍ വീട്ടിനുള്ളില്‍ കെട്ടിത്തൂക്കി സംഭവം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. 

പ്രതികള്‍ തന്നെ മൃതദേഹം ആദ്യം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് മരണം ഉറപ്പുവരുത്തി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള സ്വകാര്യ ആശുപത്രി അധികൃതരുടെ നിര്‍ദേശം അവഗണിച്ച് മൃതദേഹം വീട്ടിലെത്തിച്ചു. ഡൊമിനിക്കിന്റെ സഹോദരങ്ങള്‍, മൃതദേഹപരിശോധന നടത്താതെ മൃതദേഹം സംസ്‌കരിക്കുന്നതിനെ എതിര്‍ത്തിരുന്നു. 

പോലീസെത്തിയെങ്കിലും അന്ന് സി.പി.എം. മര്യനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന സ്നാഗപ്പന്റെ സ്വാധീനത്താല്‍ മൃതദേഹപരിശോധനയ്ക്കു തയ്യാറാകാതെ മടങ്ങി. പിന്നീട് ഡൊമിനിക്കിന്റെ സഹോദരി പുഷ്പവല്ലി ആര്‍.ഡി.ഒ.യ്ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്ന് മൃതദേഹം പുറത്തെടുത്തു പരിശോധന നടത്തുകയായിരുന്നു. 

മൃതദേഹപരിശോധനയില്‍ ഡൊമിനിക്കിന്റേത് തൂങ്ങിമരണമല്ലെന്നും തലയ്ക്കേറ്റ മാരകമുറിവാണ് മരണത്തിനിടയാക്കിയതെന്നും കണ്ടെത്തി. ഡി.ജ.പി.ക്കു ലഭിച്ച പരാതിയെത്തുടര്‍ന്ന് കേസന്വേഷണം ലോക്കല്‍ പോലീസില്‍നിന്നു മാറ്റി ക്രൈംബ്രാഞ്ചിനു നല്‍കി. 

ക്രൈംബ്രാഞ്ച്, കൊല്ലപ്പെട്ട ഡൊമിനിക്കിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചുമരില്‍ ഡൊമിനിക്കിന്റെ രക്തക്കറ കണ്ടെത്തിയിരുന്നു. മൃതദേഹപരിശോധന നടത്തിയ ഡോക്ടര്‍, മരണകാരണം തലയുടെ പിറകിലേറ്റ മാരകമായ ക്ഷതമാണെന്ന് കോടതിയില്‍ മൊഴിനല്‍കി. 

ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയത്തെളിവുകളുമാണ് കോടതി പരിഗണിച്ചത്.