പേരാമംഗലം: കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കേ, ആര്‍ഭാട വിവാഹസല്‍ക്കാരം നടത്തിയതിന് കേസെടുത്തു. ചടങ്ങ് നടത്തിയ ആളുടെയും സല്‍ക്കാരം നടന്ന റിസോര്‍ട്ടിന്റെ ഉടമയുടെയും പേരിലാണ് കേസ്. പകര്‍ച്ചവ്യാധിക്കാലത്ത് നൂറ്റമ്പതോളം പേരെ വിളിച്ചുവരുത്തിയതിനും കൂട്ടംകൂടിയതിനുമാണ് കേസ്. ബുധനാഴ്ച രാത്രിയാണ് സംഭവം.

തോളൂര്‍ പഞ്ചായത്തിലെ പറപ്പൂര്‍ ചാലയ്ക്കല്‍ ശിവക്ഷേത്രത്തിനു സമീപമായിരുന്നു സല്‍ക്കാരം. സമീപവാസികള്‍ സെക്ടറല്‍ മജിസ്ട്രേറ്റിനെ വിവരമറിയിക്കുകയായിരുന്നു. സെക്ടറല്‍ മജിസ്‌ട്രേറ്റ് രാധാകൃഷ്ണന്‍ എത്തി പരിശോധിച്ച് പോലീസില്‍ വിവരമറിയിച്ചു.

പോസിറ്റിവിറ്റി കൂടുതലായതുകൊണ്ട് തോളൂര്‍ പഞ്ചായത്തില്‍ അവശ്യസാധനങ്ങളൊഴികെ വ്യാഴാഴ്ച വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച പഞ്ചായത്തിലെ പോന്നോര്‍ മിനി സ്റ്റേഡിയത്തില്‍ പന്തുകളിച്ചിരുന്ന 22 പേര്‍ക്ക് പിഴ ചുമത്തിയിരുന്നു.