റാഞ്ചി: ലോക്ക്ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ജാംഷഡ്പൂരിലെ വിശ്വകര്‍മ നഗര്‍ സ്വദേശി സഞ്ജിത് ഗുപ്ത(30)യാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് വീട്ടുകാര്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ശനിയാഴ്ച രാത്രി കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് സഞ്ജയ് ഗുപ്ത കിടപ്പുമുറിയിലേക്ക് പോയത്. ഞായറാഴ്ച പുലര്‍ച്ചെ ശുചിമുറിയില്‍ പോകാനായി എഴുന്നേറ്റ പിതാവാണ് മകനെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 

ഔറംഗബാദ്‌ സ്വദേശിയായ യുവതിയുമായി സഞ്ജയ് ഗുപ്തയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഏപ്രില്‍ 25 ന് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ലോക്ക്ഡൗണ്‍ നിലവില്‍വന്നതോടെ വിവാഹം നീട്ടിവെച്ചു. ഇതിനുപിന്നാലെ മകന്‍ ആരോടും അധികം സംസാരിക്കാറില്ലായിരുന്നുവെന്നും വളരെ വിഷമത്തിലായിരുന്നുവെന്നും പിതാവ് രാജേന്ദ്ര പ്രസാദ് ഗുപ്ത പറഞ്ഞു.
 
നിരന്തരം ലോക്ക്ഡൗണിനെ കുറ്റപ്പെടുത്തി യുവാവ് ഓരോ കാര്യങ്ങള്‍ പറഞ്ഞിരുന്നു. തന്റെ പദ്ധതികളെല്ലാം ലോക്ക്ഡൗണ്‍ കാരണം തകര്‍ന്നുപോയെന്നും പലച്ചരക്ക് വ്യാപാരിയായ സഞ്ജയ് ഗുപ്ത ആരോപിച്ചിരുന്നു. ഇതിനിടെ മകനില്‍ ആത്മഹത്യാ പ്രവണത കണ്ടിരുന്നതായും പിതാവ് വ്യക്തമാക്കി. പലതവണ മകനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഒന്നും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. 

സഞ്ജയ് ഗുപ്തയുടെ മരണത്തോടെ രാജേന്ദ്ര പ്രസാദ് ഗുപ്തയ്ക്ക് തന്റെ മൂന്നാമത്തെ മകനെയാണ് നഷ്ടപ്പെട്ടത്. രാജേന്ദ്ര പ്രസാദിന്റെ ഒരു മകന്‍ 20 വര്‍ഷം മുമ്പ് മുങ്ങിമരിച്ചിരുന്നു. 2012 ല്‍ ഇദ്ദേഹത്തിന്റെ മറ്റൊരു മകനെ ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളുടെയും നടുക്കുന്ന ഓര്‍മ്മകള്‍ക്കിടെയാണ് മൂന്നാമത്തെ മകനെയും നഷ്ടമായത്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: marriage postponed due to lockdown, man commits suicide