മാണ്ഡ്യ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹച്ചടങ്ങ് നടത്തിയതിന് കർണാടകയിലെ മാണ്ഡ്യയിൽ നാല് നവദമ്പതിമാരെ പോലീസും റവന്യൂ അധികൃതരും അറസ്റ്റ് ചെയ്തു. കെ.ആർ. പേട്ടേ താലൂക്കിൽ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് നവദമ്പതിമാരെ അടക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

കെ.ആർ. പേട്ടേ താലൂക്കിലെ കാതനഹള്ളി, ഹരിരായനഹള്ളി, നന്തിപുര, മുരുകനഹള്ളി എന്നിവിടങ്ങളിലാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹചടങ്ങ് നടത്തിയത്. ഇവിടങ്ങളിൽ നൂറിലേറെ പേരാണ് വിവാഹത്തിൽ പങ്കെടുത്തതെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും വിവാഹത്തിന് അനുമതി തേടിയിട്ടില്ലെന്നും കെ.ആർ. പേട്ടേ തഹസിൽദാർ ശിവമൂർത്തി പറഞ്ഞു. തുടർന്നാണ് നവദമ്പതിമാരെയും ഇവരുടെ മാതാപിതാക്കളെയും വിവാഹത്തിന് കാർമികത്വം വഹിച്ച പുരോഹിതരെയും വിവാഹവേദികളിൽനിന്ന് അറസ്റ്റ് ചെയ്തത്.

ഇവരെയെല്ലാം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത വിവാഹത്തിന് കാർമികത്വം വഹിക്കരുതെന്ന് പുരോഹിതർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും തഹസിൽദാർ പറഞ്ഞു. വിവാഹത്തിന് മുൻകൂർ അനുമതി തേടാതിരിക്കുന്നത് നിയമലംഘനമാണെന്നും അനുമതി ലഭിച്ചാലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Content Highlights:marriage held without following covid protocol four newly wed couple arrested in mandya