മാനന്തവാടി: വിവാഹത്തട്ടിപ്പു കേസുകളിലെ പ്രതിയെ മോഷണക്കേസില്‍ പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ കുന്നംകുളം രായിമരക്കാര്‍വീട്ടില്‍ റഷീദ് (47) ആണ് പിടിയിലായത്. മാനന്തവാടി എരുമത്തെരുവിലെ കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ മോഷണക്കേസിലാണ് ഇയാളെ പിടികൂടിയത്. 2018-ലാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്.
ശ്രീകോവിലിലെ മാലയും ഭണ്ഡാരത്തില്‍നിന്ന് 10,000 രൂപയും ഡി.വി.ആര്‍. തുടങ്ങിയവയുമാണ് മോഷണം പോയത്. അന്ന് കേസെടുത്ത് അന്വേഷിച്ചെങ്കിലും 2019-ല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. പത്തുദിവസംമുമ്പ് ഫിംഗര്‍പ്രിന്റ് ബ്യൂറോയില്‍നിന്ന് ഇയാളുടെ വിരലടയാളം കിട്ടിയതോടെയാണ് കേസന്വേഷണം പുനരാരംഭിച്ചത്. 2013-ല്‍ താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോട്ടലില്‍നിന്ന് പണം മോഷ്ടിച്ച കേസില്‍ ലഭിച്ച വിരലടയാളവും കാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ വിരലടയാളവും ഒന്നായിരുന്നു.
ഇതോടെയാണ് മാനന്തവാടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. അന്വേഷണത്തില്‍ ഇയാള്‍ തൃശ്ശൂര്‍ സ്വദേശിയാണെന്ന് വ്യക്തമായെങ്കിലും 12 വര്‍ഷംമുമ്പ് അവിടുന്ന് ഇയാള്‍ നാടുവിട്ടിരുന്നു. താമരശ്ശേരി സ്റ്റേഷനില്‍ നിന്നാണ് ഇയാളുടെ ഫോട്ടോ മാനന്തവാടി പോലീസിന് കിട്ടിയത്. തുടരന്വേഷണത്തില്‍ ഇയാള്‍ വയനാട്ടില്‍നിന്ന് വിവാഹം കഴിച്ചതായി വിവരം ലഭിച്ചു.
വിവാഹത്തട്ടിപ്പുമായി ബന്ധപ്പെട്ട് വൈത്തിരി സ്റ്റേഷനില്‍ കേസുണ്ടായിരുന്നു. 2018-ല്‍ ഇയാള്‍ കാട്ടിക്കുളത്ത് ഹോട്ടല്‍ നടത്തിയതായും വിവരം ലഭിച്ചു. കൂടുതല്‍ അന്വേഷണത്തില്‍ റഷീദ് പിലാക്കാവില്‍ മറ്റൊരു വിവാഹം കഴിച്ച് താമസിക്കുന്നതായി വ്യക്തമായി. വെള്ളിയാഴ്ച മാനന്തവാടി സി.ഐ. എം.എം. അബ്ദുള്‍കരീമിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിലാക്കാവില്‍നിന്നാണ് അറസ്റ്റുചെയ്തത്.
എസ്.ഐ. ബിജു ആന്റണി, ജൂനിയര്‍ എസ്.ഐ. വി.എസ്. സനൂജ്, എ.എസ്.ഐ.മാരായ ടി.കെ. മനോജ്, മെര്‍വിന്‍ ഡിക്രൂസ്, സി.പി.ഒ.മാരായ കെ.എം. ജിന്‍സ്, ഐ.എസ്. സുധീഷ്, വി.കെ. രഞ്ജിത്ത്, ഷിനു റോഷന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഒട്ടേറേ കേസുകളില്‍ പ്രതി
വിവാഹത്തട്ടിപ്പ് കൂടാതെ മോഷണം, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ പാസ്‌പോര്‍ട്ട്, ചെക്ക് ലീഫ് നിര്‍മിക്കല്‍ തുടങ്ങിയ വിവിധ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ അഞ്ചുകേസും ഗുരുവായൂര്‍ സ്റ്റേഷനില്‍ രണ്ടു കേസും ഇയാളുടെ പേരിലുണ്ട്. മലപ്പുറത്തും കേസുണ്ട്. അറസ്റ്റിലായശേഷം ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ പുതിയ വിവാഹത്തിനായുള്ള ആസൂത്രണങ്ങള്‍ നടത്തിവരികയാണെന്ന് വ്യക്തമായെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച റഷീദിനെ കാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലും പിലാക്കാവും എത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സി.ഐ. എം.എം. അബ്ദുള്‍കരീം പറഞ്ഞു.
ആദ്യം സൗഹൃദം; പിന്നെ വിവാഹം
ഓരോ പ്രദേശത്തും പോയി താമസമാക്കി നാട്ടുകാരുമായി സൗഹൃദത്തിലായി അവിടുന്ന് വിവാഹം കഴിക്കുകയാണ് ഇയാളുടെ രീതി. വിവിധസ്ഥലങ്ങളില്‍ നിന്നായി ഇയാള്‍ എട്ടു വിവാഹം കഴിച്ചതായി ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
പ്രതി സ്വന്തമായി മഹല്ല് കമ്മിറ്റികളുടെ നോട്ടീസ്, സീല്‍ എന്നിവ ഉണ്ടാക്കിയാണ് പാവപ്പെട്ട മുസ്ലിം കുടുംബങ്ങളില്‍ നിന്ന് വിവാഹത്തട്ടിപ്പ് നടത്തിയിരുന്നത്. സീല്‍ ഉള്‍പ്പെടെയുള്ളവ ഇയാളുടെ കൈവശമുണ്ടെന്നും പോലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ് കുറച്ചുകാലം ഒരുമിച്ച് കഴിയും. പിന്നീട് കിട്ടിയതെല്ലാമെടുത്ത് മറ്റെവിടേക്കെങ്കിലും സ്ഥലംവിടുകയാണ് ഇയാളുടെ രീതി.
ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് റഷീദിന്റെ പേരില്‍ ഭാര്യമാര്‍ കൊടുത്ത പരാതികള്‍ വിവിധ സ്റ്റേഷനുകളിലുണ്ട്. ജില്ലയില്‍ കല്പറ്റ, മാനന്തവാടി, വൈത്തിരി സ്റ്റേഷനുകളിലാണ് കേസ്. ഡ്രൈവിങ്, ഹോട്ടല്‍ ജോലികളും ഇയാള്‍ ചെയ്തിരുന്നു.
Content Highlights: marriage fraud case accused arrested in theft case