മുംബൈ: മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് തട്ടിക്കൊണ്ടുപോയ നാവികനെ അജ്ഞാത സംഘം തീകൊളുത്തി കൊന്നു. ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശി സൂരജ്കുമാര്‍ ദുബെയാണ് (26) കൊല്ലപ്പെട്ടത്.
ജനുവരി 31-ന് ചെന്നൈ വിമാനത്താവളത്തിന് പുറത്തുവെച്ച് മൂന്ന് പേരടങ്ങുന്ന സംഘം സൂരജിനെ തോക്ക്ചൂണ്ടി കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. കോയമ്പത്തൂരിലെ ഐ.എന്‍.എസ്. അഗ്രാണി ട്രെയിനിങ് സ്‌കൂളില്‍ നാവികനാണ് സൂരജ്. ഇദ്ദേഹത്തിന്റെ വിവാഹം മൂന്നുമാസത്തിനുള്ളില്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. അവധികഴിഞ്ഞ് വരുന്നവഴിയാണ് ചെന്നൈയില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി 10 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടിരുന്നത്. മൂന്നുദിവസം ചെന്നൈയില്‍ തടവില്‍ പാര്‍പ്പിച്ചശേഷം മഹാരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തിയായ പാല്‍ഘറിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെ വനപ്രദേശമായ ഗോല്‍വാഡില്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന സൂരജിനെ വെള്ളിയാഴ്ചയാണ് ഗുരതരമായി പൊള്ളലേറ്റനിലയില്‍ കണ്ടത്. ഗ്രാമവാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്. ദഹാനുവിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൂരജിനെ പിന്നീട് ഐ.എന്‍.എസ്. അശ്വിനിയിലേക്ക് കൊണ്ടുവന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മകന് നീതി ലഭിക്കണമെന്ന് സൂരജിന്റെ പിതാവ് മിഥിലേഷ് ദുബെ ആവശ്യപ്പെട്ടു. മകന്‍ മരിക്കുന്നതിനുമുമ്പ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പണത്തിനു വേണ്ടിയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് മൊഴിയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: mariner killed by kidnapping team in mumbai