മറയൂർ: മാസങ്ങളായി മറയൂരിലെ ഗ്രാമങ്ങളുടെ രാത്രികളെ ഭീതിയിലാഴ്ത്തിയ അജ്ഞാതൻ പിടിയിൽ. ഉപയോഗശൂന്യമായ ഒരു കിണറ്റിൽ ഒളിച്ചിരുന്ന നാച്ചിവയൽ സ്വദേശി മണികണ്ഠനെ (21)ചെറുവാട് ഗോത്രവർഗ കോളനിയിലെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ഇയാളെ പിടികൂടാനായി നാട്ടുകാർ ദിവസങ്ങളായി ഉറക്കമിളച്ച് കാവലിരിക്കുകയായിരുന്നു. പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും രണ്ട് മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്.

പകൽ സമയങ്ങളിൽ വനമേഖലയിലും പാമ്പാറിന്റെ തീരത്തെ പാറക്കെട്ടുകളിലും കരിമ്പിൻകാട്ടിലുമൊക്കെ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ രാത്രി ഗ്രാമങ്ങളിലേക്ക് വരും. മുഖംമൂടി വാക്കത്തിയുമായാണ് വരവ്. തുടർന്ന് വീടുകളുടെ വാതിലിൽ മുട്ടുകയും ജനലിലൂടെ കൈയിട്ട് ആളുകളെ ഉപദ്രവിക്കുകയും ചെയ്യും. കൈയിൽ കിട്ടിയതൊക്കെ കൊണ്ടുപോകും.

ചെറുവാട് കുടിയിലായിരുന്നു ഏറ്റവും കൂടുതൽ ശല്യം. അതുകൊണ്ട് കുടിക്കാർ രാത്രി കാവലിരിക്കാൻ തുടങ്ങി. സേവാഭാരതിയുടെ ഹോസ്റ്റലിൽ വാക്കത്തിയുമായി എത്തിയ ഇയാളുടെ ദൃശ്യങ്ങൾ കണ്ടതോടെ നാട്ടുകാർ ഭീതിയിലായി.

തിങ്കളാഴ്ച രാത്രി ഇയാൾ പോലീസിന്റെ മുമ്പിൽപ്പെട്ടിരുന്നു. എന്നാൽ, ഓടി രക്ഷപ്പെട്ടു. അന്നുരാത്രി ഒരുമണിക്ക് ചെറുവാട് കുടിയിലെ രണ്ട് വീടുകളിൽ ഇയാൾ എത്തിയെങ്കിലും കാവലിരിക്കുന്നവരെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇതോടെ കുടിയിലെ മുപ്പതിലധികം യുവാക്കൾ കാടടച്ചുള്ള തിരച്ചിൽ നടത്തുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 9.30-ന് കുടിക്ക് താഴെയുള്ള പാമ്പാറ്റിനോടു ചേർന്നുള്ള വെള്ളമില്ലാത്ത കിണറിനുള്ളിൽ ഒളിച്ചിരുന്ന മണികണ്ഠനെ കണ്ടെത്തുകയും ചെയ്തു. ഇന്ദിര നഗർ, പട്ടം കോളനി തുടങ്ങിയ ഇടങ്ങളിലും ഇയാളുടെ ശല്യമുണ്ടായിരുന്നു.

മണികണ്ഠനെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.