കാളികാവ്: യു.എ.പി.എ. കേസുകളിൽ അറസ്റ്റിലായ മാവോവാദി യുവജനവിഭാഗം നേതാവ് ഡാനിഷിന് ജാമ്യം ലഭിച്ചിട്ടും പുറംലോകം കാണാൻ കഴിഞ്ഞില്ല. ജാമ്യനടപടി പൂർത്തിയാക്കുംമുമ്പ് എ.ടി.എസ് (നക്സൽവിരുദ്ധ സേന) മറ്റൊരു കേസിൽ അറസ്റ്റ്ചെയ്തതാണ് കാരണം. രണ്ടുവർഷമായി വിയ്യൂരിലെ അതിസുരക്ഷാജയിലിൽ കഴിയുന്ന ഡാനിഷിന് 14 കേസുകളിലായി ചൊവ്വാഴ്ചയാണ് ജാമ്യം അനുവദിച്ചത്. ജയിലിനകത്തുവെച്ചുതന്നെ ഡാനിഷിനെതിരേയുള്ള അറസ്റ്റ് നടപടി പൂർത്തിയാക്കി.

മുദ്രാവാക്യം വിളികളോടെയാണ് ഡാനിഷ് അറസ്റ്റിനോട് പ്രതികരിച്ചത്. വിയ്യൂരിൽനിന്ന് എ.ടി.എസ്. ഡാനിഷിനെ കോഴിക്കോട്ടേക്ക് മാറ്റി. 2018 ഒക്ടോബർ അഞ്ചിനാണ് ഇയാളെ അട്ടപ്പാടിയിൽനിന്ന് അറസ്റ്റ്ചെയ്തത്.

മാവോവാദി സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ കേസുകളുണ്ട്.

എ.ടി.എസിന്റെ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. എ.ടി.എസ്. നടപടിയെ മനുഷ്യാവകാശപ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി.പി. റഷീദ് വിമർശിച്ചു. പുറത്തിറങ്ങുന്ന ഡാനിഷിനെ സ്വീകരിക്കാൻ റഷീദ് അടക്കമുള്ള സുഹൃത്തുക്കൾ വിയ്യൂരിലെത്തിയിരുന്നു.

Content Highlights:maoist leader danish gets bail in 14 cases but arrested again