ന്യൂഡല്‍ഹി: സുരക്ഷാസേനകളും അന്വേഷണ ഏജന്‍സികളും പിടിമുറുക്കിയതോടെ രാജ്യത്തെ മാവോവാദികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ട്. സി.പി.ഐ(മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി നമ്പാല കേശവറാവു എന്ന ബാസവരാജ് മുതിര്‍ന്ന മാവോ കമാന്‍ഡര്‍മാര്‍ക്ക് എഴുതിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിശദമാക്കുന്നത്. ന്യൂസ് 18-നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

32 പേജുള്ള കത്തില്‍ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ് ബാസവരാജ് പ്രധാനമായും സൂചിപ്പിച്ചിരിക്കുന്നത്. സുരക്ഷാസേനകള്‍ക്ക് പുറമേ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പും എന്‍.ഐ.എയും നടപടികള്‍ ശക്തമാക്കിയതോടെ പ്രധാന സ്രോതസുകളില്‍നിന്നുള്ള സാമ്പത്തികസമാഹരണം നിലച്ചതായി ബാസവരാജ് പറയുന്നു. മാവോവാദികള്‍ പണം പിരിച്ചിരുന്ന പുകയില വ്യാപാരികളിലും, റിയല്‍ എസ്റ്റേറ്റ്, ഖനി വ്യവസായികളിലും അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയത് പണം പിരിക്കാന്‍ തടസമായി. 

'നമുക്ക് പണം തരുന്നവരെയും പണം വാങ്ങാനെത്തുന്നവരെയും അന്വേഷണ ഏജന്‍സികള്‍ സദാസമയവും നിരീക്ഷിക്കുകയാണ്. ഇതിനാല്‍ ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും സ്ഥിതിഗതികള്‍ മോശമായി. പുകയില വ്യാപാരികളും ഖനി വ്യവസായികളും നമുക്ക് പണം തരുന്നത് നിര്‍ത്തി'- ബാസവരാജ് പറഞ്ഞു. 

സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മാവോവാദി നേതാവ് കത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. ഏറ്റുമുട്ടലില്‍ മാവോവാദികളെ വധിച്ച ഗഡ്ചിരോളിയിലും തമിര്‍ഗുണ്ട-കസ്‌നൂര്‍ മേഖലകളിലും കനത്ത നഷ്ടമുണ്ടായെന്നും, രണ്ടു മണിക്കൂറോളം ഏറ്റുമുട്ടലില്‍ പിടിച്ചുനിന്നെങ്കിലും ഒരാളുടെ തെറ്റായ നിര്‍ദേശമാണ് കൂട്ടമരണത്തിന് ഇടയാക്കിയതെന്നും ബാസവരാജ് കത്തില്‍ വ്യക്തമാക്കി. ഇയാളുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തകര്‍ പുഴയിലേക്ക് എടുത്തുചാടിയതാണ് ഇത്രയുംപേര്‍ മരിക്കാനിടയാക്കിയതെന്നും അദ്ദേഹം സൂചിപ്പിച്ചു. 

അടുത്തിടെ ഏറ്റുമുട്ടല്‍ നടന്ന സംസ്ഥാനങ്ങളില്‍ വെല്ലുവിളി നേരിടുന്നതിനാല്‍ കേരളം, കര്‍ണാടക, തമിഴ്‌നാട്, ആസാം എന്നിവിടങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും സി.പി.ഐ. മാവോയിസ്റ്റ് നേതാവ് കത്തിലൂടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.