റായ്പുര്‍:  ഛത്തീസ്ഗഢില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിനിടെ കാണാതായ  സി.ആര്‍.പി.എഫ്. ജവാന്‍ മാവോവാദികളുടെ തടവിലാണെന്ന് ഫോണ്‍സന്ദേശം. ഛത്തീസ്ഗഢിലെ രണ്ട് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇതുസംബന്ധിച്ച അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. സൈനികന്‍ മാവോവാദികളുടെ തടവിലാണെന്നും അദ്ദേഹത്തെ ഉപദ്രവിക്കില്ലെന്നും രണ്ടോ മൂന്നോ ദിവസത്തിനകം വിട്ടയക്കുമെന്നുമാണ് സന്ദേശത്തില്‍ പറഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചു. 

ബിജാപുര്‍ പ്രസ് ക്ലബ് പ്രസിഡന്റായ ഗണേഷ് മിശ്രയ്ക്കാണ് ആദ്യം സന്ദേശം ലഭിച്ചത്. വിളിച്ചയാള്‍ ആരാണെന്ന് വ്യക്തമാക്കിയില്ലെന്നും രണ്ടോ മൂന്നോ ദിവസത്തിനകം ജവാനെ മാവോവാദികള്‍ വിട്ടയക്കുമെന്നാണ് സന്ദേശത്തില്‍ പറഞ്ഞതെന്നും ഗണേഷ് മിശ്ര പറഞ്ഞു. 

സുക്മയിലെ പത്രപ്രവര്‍ത്തകനായ രാജാസിങ് റാത്തോഡിനും ഫോണ്‍ സന്ദേശം ലഭിച്ചു. മാവോവാദി നേതാവ് ഹിദ്മയാണെന്ന് അവകാശപ്പെട്ടാണ് വിളിച്ചയാള്‍ സംസാരിച്ചതെന്ന് രാജാസിങ് പറഞ്ഞു. 'കാണാതായ ജവാന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അയാള്‍ പറഞ്ഞു. ജവാന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം സുരക്ഷിതനാണെന്നായിരുന്നു മറുപടി. ഹിദ്മയെന്ന് അവകാശപ്പെട്ട് വിളിച്ചയാള്‍ ജവാന്റെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ഉടന്‍ പങ്കുവെയ്ക്കാമെന്നും പറഞ്ഞു- രാജാസിങ് വിശദീകരിച്ചു. 

അതേസമയം, തനിക്ക് ഇതുസംബന്ധിച്ച് അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചിട്ടില്ലെന്ന് ബിജാപുര്‍ പോലീസ് സൂപ്രണ്ട് കാംലോചന്‍ കശ്യപ് പ്രതികരിച്ചു. തനിക്ക് ഫോണ്‍ സന്ദേശം ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്നും കാണാതായ ജവാന്‍ മാവോവാദികളുടെ തടവിലാകാമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിന് ആറ് കിലോ മീറ്റര്‍ ചുറ്റളവില്‍ വരെ ജവാന് വേണ്ടി തിരച്ചില്‍ നടത്തിയിട്ടും അദ്ദേഹത്തെ കണ്ടെത്താനായില്ലെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു. 

ഭര്‍ത്താവിനെ സുരക്ഷിതമായി തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ജവാന്റെ ഭാര്യയും രംഗത്തെത്തി. ''അദ്ദേഹത്തെ തിരികെ കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും അഭ്യര്‍ഥിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 9.30-ഓടെയാണ് ഭര്‍ത്താവുമായി അവസാനം സംസാരിച്ചത്. ഓപ്പറേഷന്‍ ഡ്യൂട്ടിക്ക് പോവുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പാകിസ്താനില്‍നിന്ന് അഭിനന്ദന്‍ വര്‍ത്തമാനെ തിരികെ കൊണ്ടുവന്നത് പോലെ അദ്ദേഹത്തെയും സുരക്ഷിതമായി എത്തിക്കണം''- യുവതി പറഞ്ഞു. 

ഛത്തീസ്ഗഢിലെ സുക്മ, ബീജാപുര്‍ ജില്ലകളുടെ അതിര്‍ത്തിപ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. മാവോവാദി നേതാവായ ഹിദ്മയുടെ നേതൃത്വത്തിലാണ് സി.ആര്‍.പി.എഫ്. സംഘത്തിന് നേരേ ആക്രമണം നടന്നത്.  മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ 17 ജവാന്മാരുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. എന്നാല്‍ കാണാതായ ഒരു ജവാനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. 

Content Highlights: maoist encounter journalists received anonymous phone call about missing jawan