ഇടുക്കി: കുമളിയിലെ ആഡംബര ഹോട്ടലില്‍ താമസിച്ച് മൂന്ന് ലക്ഷം രൂപ വാടക നല്‍കാതെ മുങ്ങിയ മനു മോഹന്‍ സ്ഥിരം തട്ടിപ്പുകാരന്‍. നിരവധി തട്ടിപ്പ് കേസുകളില്‍ മനു പ്രതിയാണെന്നാണ് ഗോവയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്ത കട്ടപ്പന ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നല്‍കുന്ന വിവരം. മാന്യമായ പെരുമാറ്റവും ഒപ്പം ഗുജറാത്ത് സ്വദേശിനിയായ ഭാര്യയും കുട്ടിയും കൂടെ  ഉണ്ടായിരുന്നതുകൊണ്ടും ആര്‍ക്കും മനുവിന്റെ ഇടപാടുകളില്‍ സംശയം തോന്നിയിരുന്നില്ല.  പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ സ്വദേശിയാണ് പ്രതി മനു.

ലോണ്‍ തരപ്പെടുത്തി നല്‍കാമെന്നും വിദേശത്തേക്ക് പോകാന്‍ വിസ ശരിയാക്കി തരാമെന്നും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ശേഷം മുങ്ങുകയാണ് രീതി. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് രീതി. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ മാറി മാറി താമസിക്കുന്ന ഇയാള്‍ ഹോട്ടലുകളിലും ഫ്‌ളാറ്റുകളിലും വാടക നല്‍കാത മുങ്ങുന്നതും പതിവാണ്. വിവിധയിടങ്ങളില്‍ നിന്ന് ലക്ഷങ്ങളാണ് മനു തട്ടിപ്പിലൂടെ സമാഹരിച്ചത്.

മുനമ്പത്തും ഫോര്‍ട്ട് കൊച്ചിയിലും ലോണ്‍ തട്ടിപ്പ്, 

എറണാകുളം മുനമ്പത്ത് ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. ലോണ്‍ തുക മുഴുവനായി ലഭിക്കാനായി പ്രോസസിങ് ഫീസ് ഇനത്തില്‍ വലിയ തുക നേരിട്ട് നല്‍കുന്നത് ഒഴിവാക്കി തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പണം തട്ടുന്നതാണ് രീതി. ഉദ്ദേശിച്ച അത്രയും പണം സമാഹരിച്ചുകഴിഞ്ഞാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും പുതിയ നമ്പര്‍ ഉപയോഗിച്ച് തുടങ്ങുന്നതുമാണ് മനുവിന്റെ രീതി.

മുനമ്പത്ത് തട്ടിപ്പിന് ഇരയായ വ്യക്തി ആത്മഹത്യ ചെയ്തു

മനുവിന്റെ തട്ടിപ്പിന് ഇരയായതിനെതുടര്‍ന്ന് ലക്ഷങ്ങള്‍ കടം കയറിയ മുനമ്പം സ്വദേശി ആത്മഹത്യ ചെയ്തിരുന്നു. ലോണ്‍ തരപ്പെടുത്തിത്തരാം എന്ന് മനു പറഞ്ഞത് വിശ്വസിച്ച് ഇയാള്‍ പണം നല്‍കി. അതോടൊപ്പം നിരവധി സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നും മനുവിന് പണം വാങ്ങി നല്‍കി. ഒടുവില്‍ മനു ഫോണില്‍ വിളിച്ചാല്‍ പോലും കിട്ടാതെ മുങ്ങിയപ്പോള്‍ പണം നല്‍കിയവര്‍ മുനമ്പം സ്വദേശിയെ സമീപിക്കാനും പണം ആവശ്യപ്പെടാനും തുടങ്ങി. ഇതോടെ നില്‍ക്കകള്ളിയില്ലാതായ മുനമ്പം സ്വദേശിക്ക് മുന്നില്‍ ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലായിരുന്നു.

വിസ തട്ടിപ്പിലൂടെയും ലക്ഷങ്ങള്‍

വിദേശ രാജ്യങ്ങളിലേക്ക് പോകാനുള്ള വിസ തരപ്പെടുത്തി നല്‍കാമെന്ന് ഉറപ്പ് നല്‍കിയും ഇയാള്‍ ലക്ഷങ്ങള്‍ കൈക്കലാക്കിയിരുന്നു. പൊന്‍കുന്നം സ്റ്റേഷനില്‍ കേസുകളുമുണ്ട്. ലോണ്‍ തട്ടിപ്പിന് ഉപയോഗിച്ചിരുന്ന രീതിയില്‍ തന്നെയാണ് ഇയാള്‍ ഇവിടെ നിന്നും മുങ്ങിയിരുന്നത്. പ്രതിക്കെതിരേ സമാന സ്വഭാവമുള്ള മറ്റ് കേസുകളുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

പണമുണ്ടെങ്കിലും ബില്ലടയ്ക്കില്ല, വാടക നല്‍കില്ല

തട്ടിപ്പ് നടത്തി സമാഹരിച്ച ലക്ഷങ്ങള്‍ കൈയിലുണ്ടെങ്കിലും അത് ഉപയോഗിച്ച് മനു ആഡംബര ജീവിതം നയിക്കുന്ന മനു ഹോട്ടലുകളിലും ആഡംബര ഫ്‌ളാറ്റുകളിലും താമസിക്കുന്നതിന്റെ ബില്ല് അടയ്ക്കാതെ മുങ്ങുന്നതാണ് രീതി. കുമളിയില്‍ 3.17 ലക്ഷം രൂപയുടെ ബില്ലടയ്ക്കാതെ മുങ്ങിയത് ഗോവയിലേക്കാണ്. അവിടെ ഭാര്യക്കൊപ്പം താമസിക്കുമ്പോഴാണ് പോലീസ് എത്തി അറസ്റ്റ് ചെയ്തത്. കൈയില്‍ ലക്ഷങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മാസങ്ങളായി ഇയാള്‍ ഫ്‌ളാറ്റ് ഉടമയ്ക്ക് വാടക നല്‍കിയിരുന്നില്ല. വാടക തരാം എന്ന് ഉറപ്പ് നല്‍കി ഫ്‌ളാറ്റ് ഉടമയെ വിശ്വസിപ്പിച്ച ശേഷം ഇവിടെ നിന്നും മുങ്ങാനായിരുന്നു പ്രതിയുടെ ഉദ്ദേശം.

ഭാര്യയെ ഒപ്പം കൂട്ടുന്നത് വിശ്വാസ്യത ലഭിക്കാന്‍

കുമളിയിലെ ആഡംബര ഹോട്ടലില്‍ മനു എത്തിയതും ഗുജറാത്ത്‌ സ്വദേശിനിയായ ഭാര്യയുമായാണ്. ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ് കൂടുതലും എത്തുന്നതെന്നതിനാല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും സംശയം ഒന്നും തോന്നിയിരുന്നില്ല. അണക്കരയിലെ ആഡംബര ഹോട്ടലില്‍ ഡിസംബര്‍ 18 മുതല്‍ മാര്‍ച്ച് ഒന്‍പതുവരെയാണ് പ്രതിയും ഗുജറാത്ത് സ്വദേശിനിയായ ഭാര്യയും താമസിച്ചത്. വാടകയും ഭക്ഷണച്ചിലവും നല്‍കാതെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി ഇരുവരും ഇവിടെ നിന്ന് മുങ്ങി. ഹോട്ടല്‍ ഉടമയുടെ പരാതിയെ തുടര്‍ന്ന് കട്ടപ്പന പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഗോവയിലെ ആഡംബര ഫ്ളാറ്റില്‍ താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

Content Highlights: Manu Mohan cheating cases and fraud absconding