മാന്നാര്‍: ഞായറാഴ്ച രാത്രിയില്‍ വില്ലേജ് ഓഫീസിനുള്ളില്‍ മദ്യപിച്ചു ബോധംകെട്ടുകിടന്ന രണ്ടുജീവനക്കാരെ പോലീസ് അറസ്റ്റുചെയ്തു. കുരട്ടിശ്ശേരി വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ തിരുവനന്തപുരം പാറശാല വലിയവിള പുത്തന്‍ വീട്ടില്‍ ജയകുമാര്‍ (39), മാന്നാര്‍ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് നെടുമുടി എണ്‍പതില്‍ചിറ വീട്ടില്‍ അജയകുമാര്‍ (43)എന്നിവരെയാണ് പോലീസ് മാന്നാര്‍ വില്ലേജ് ഓഫീസില്‍നിന്ന് അറസ്റ്റുചെയ്തത്.

അജയകുമാര്‍ ഇപ്പോള്‍ ചെന്നിത്തല ചെറുകോലിലാണു താമസം. ഞായറാഴ്ചരാത്രി എട്ടു മണിയോടെ വില്ലേജ് ഓഫീസിനുള്ളില്‍ വെളിച്ചം കാണുകയും അനക്കം കേള്‍ക്കുകയും ചെയ്തപ്പോള്‍ അതുവഴിപോയ ബി.ജെ.പി. പ്രവര്‍ത്തകരും നാട്ടുകാരും പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു.

രണ്ടുപേരും അമിതമായി മദ്യപിച്ചു ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.