മാന്നാര്‍: ദുബായില്‍നിന്ന് നാട്ടിലെത്തിയ മാന്നാര്‍ കുരട്ടിക്കാട് വിസ്മയവിലാസത്തില്‍ ബിന്ദു ബിനോയി(39)യെ വീടാക്രമിച്ചു തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചുപ്രതികളെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം പൊന്നാനി ആനയടി പാലയ്ക്കല്‍ അബ്ദുള്‍ ഫഹദ്(35), എറണാകുളം പറവൂര്‍ മന്നം കാഞ്ഞിരപ്പറമ്പില്‍ അന്‍ഷാദ്(30), തിരുവല്ല ശങ്കരമംഗലം വിട്ടില്‍ ബിനോ വര്‍ഗീസ്(39), പരുമല തിക്കപ്പുഴ മലയില്‍തെക്കേതില്‍ കുട്ടപ്പായി എന്ന ശിവപ്രസാദ്(37), പരുമല കോട്ടയ്ക്കമാലി കൊച്ചുമോന്‍ എന്ന സുബിര്‍(38) എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

നേരത്തെ മാന്നാര്‍ റാന്നിപ്പറമ്പില്‍ പീറ്റര്‍ ജേക്കബിനെ(44) അറസ്റ്റുചെയ്തിരുന്നു. അബ്ദുള്‍ ഫഹദിനെ പൊന്നാനിയിലെത്തിയാണു പിടിച്ചത്. ഇയാള്‍, ദുബായില്‍നിന്ന് യുവതിയുടെകൈയില്‍ സ്വര്‍ണംകൊടുത്തുവിട്ടതായി പറയുന്ന ഹനീഫയുടെ അടുത്തയാളാണെന്ന് പോലീസ് പറഞ്ഞു. അന്‍ഷാദ് കഴിഞ്ഞദിവസം മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പ്രാദേശികമായി സഹായംചെയ്തവരും തട്ടിക്കൊണ്ടുപോകാന്‍ സംഘത്തിലുണ്ടായിരുന്നവരുമാണ് മറ്റുപ്രതികള്‍.

പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. വിദേശത്തുള്ള പ്രതികളെ ഉള്‍പ്പെടെ ഇനിയും പിടിക്കാനുണ്ട്.

എല്ലാവരെക്കുറിച്ചും സൂചനലഭിച്ചിട്ടുണ്ടന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ആര്‍. ജോസ് പറഞ്ഞു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ എസ്. നൂമാന്‍, കെ.ജി. പ്രതാപചന്ദ്രന്‍, ഡി. ബിജുകുമാര്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് അന്വേഷണം നടത്തിയത്. യുവതി സ്വര്‍ണക്കടത്തിലെ കണ്ണിയാണെന്നു അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. സ്വര്‍ണക്കടത്തു സംബന്ധിച്ച് കസ്റ്റംസും അന്വേഷിക്കുന്നുണ്ട്.

Content Highlights: mannar kidnap case and gold smuggling