മങ്കട(മലപ്പുറം): ഒറ്റയ്ക്കുതാമസിക്കുന്ന എഴുപതുകാരിയെ വീട്ടിലെ ശൗചാലയത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാമപുരം ബ്ലോക്ക് പടി പരേതനായ അഞ്ചുക്കണ്ടി തലയ്ക്കല്‍ മുഹമ്മദിന്റെ ഭാര്യ മുട്ടത്തില്‍ ആയിഷയെയാണ് രക്തംവാര്‍ന്നു മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആയിഷയുടെ കഴുത്തിലും കൈയിലും കാതിലുമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. തലയ്‌ക്കേറ്റ മുറിവില്‍നിന്നാണ് രക്തംവാര്‍ന്നത്. മോഷണശ്രമത്തിനിടെയാകാം കൊലപാതകമെന്നും സംശയിക്കുന്നു. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

ആയിഷ പകല്‍ സ്വന്തം വീട്ടില്‍ കഴിയുകയും രാത്രി മകന്റെ വീട്ടിലേക്കുപോവുകയുമാണ് പതിവ്. വെള്ളിയാഴ്ചരാത്രി 9.15-ഓടുകൂടി കൂട്ടിക്കൊണ്ടുപോകാന്‍ പേരക്കുട്ടികളെത്തി. വിളി കേള്‍ക്കാത്തതിനാല്‍ അകത്തുകയറി നോക്കിയപ്പോഴാണ് രക്തംവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളുടെ സഹായത്തോടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മങ്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മങ്കട ഇന്‍സ്‌പെക്ടര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഫൊറന്‍സിക് വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്ധര്‍ എന്നിവരെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവസ്ഥലത്ത് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ്, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ് കുമാര്‍ എന്നിവരും പരിശോധന നടത്തി.

പരേതരായ മുട്ടത്തില്‍ മമ്മു മുസ്ലിയാരുടെയും എടൂര്‍ ഫാത്തിമയുടെയും മകളാണ് ആയിഷ. മക്കള്‍: നബീസ, ആസ്യ, സാജിത, ഫിറോസ് (ജിദ്ദ), പരേതനായ അബ്ദുല്‍സലാം. മരുമകള്‍: അലവിക്കുട്ടി, മുഹമ്മദ് ജമാല്‍, അബ്ദുറസാഖ്, ഹസീന. സഹോദരന്‍: ഡോ. അബൂബക്കര്‍ മലബാരി (റിട്ട. പ്രൊഫ. അലിഗഢ് സര്‍വകലാശാല, ഉത്തര്‍പ്രദേശ്).