കാസര്‍കോട്: ജില്ലയുടെ വടക്കിനെ വിറപ്പിച്ച് സിനിമാപ്പടംപോലെ അടി ഇടി വെടിയുടെ രാവും പകലുമായിരുന്നു കടന്നുപോയത്.
പോലീസ് ജീപ്പുകളും ബസുമടങ്ങിയ മുപ്പതിലേറെ പോലീസുകാര്‍ ഗുണ്ടകളെ പിടിച്ചുകെട്ടാന്‍ തലങ്ങും വിലങ്ങും പായുന്നു. തോക്കുകളും വടിവാളുകളുമായി പോലീസിനെ വെല്ലുവിളിച്ച് കാറിലെത്തുന്ന സംഘം പോലീസിനുനേരേ നിറയൊഴിക്കുന്നു.
മാസ് ആക്ഷന്‍ തമിഴ്, തെലുഗു സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള അടി ഇടി വെടി രംഗങ്ങള്‍. ഒരാഴ്ച മുന്‍പ് കുപ്രസിദ്ധ ഗുണ്ടാസംഘത്തെ പോലീസ് വാടകവീട് വളഞ്ഞ് അറസ്റ്റ് ചെയ്തതോടെയാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടന്ന സംഘട്ടനരംഗങ്ങളിലേക്ക് നയിച്ചത്.
പോലീസന്റെ ഈ നടപടി വലിയ അക്രമത്തിലേക്കുള്ള തിരശ്ശീല ഉയരല്‍ മാത്രമായിരുന്നു. ഈ അറസ്റ്റിനുശേഷവും ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുമായി പോലീസ് മുന്നോട്ടുപോയി. ഇത് മാഫിയാസംഘങ്ങള്ക്കിടയില് വലിയ അസ്വസ്ഥത സൃഷ്ടിച്ചു.
ഗുണ്ടാസംഘത്തെ പിടിച്ചുകെട്ടുന്നതിനുള്ള നടപടികളുടെ ഭാഗമായി രണ്ടുദിവസം മുന്‍പ് കുമ്പള, മഞ്ചേശ്വരം സ്റ്റേഷന് പരിധിയില്‍ കാസര്‍കോട് ഡിവൈ.എസ്.പി. പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ പതിനാല് പോലീസ് ഓഫീസര്‍മാരുടെ കീഴിലുള്ള സംഘം പുലര്‍ച്ചെ അഞ്ചിന് പരിശോധന നടത്തി. ഈ പരിശോധനയില്‍ വീണ്ടും അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
ഇതിനോടുള്ള പ്രതികാരമെന്നോണം ഒരുസംഘം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഉപ്പള ഹിദായത്ത് നഗറില്‍ തോക്കുകളും മാരകായുധങ്ങളുമായി നാട്ടുകാര്‍ക്ക് നേരെയും പോലീസിനു നേരെയും വെല്ലുവിളി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടു.
തുടര്‍ന്ന് സന്ധ്യയോടെ ഈ സംഘം മിയാപദവില്‍ കാറില്‍ സഞ്ചരിക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു.
ഉടന്‍ സന്നാഹങ്ങളോടെ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. പോലീസിനെ കണ്ട സംഘം വാഹനം വെട്ടിച്ച് കടന്നു.
പോലീസ് പിന്തുടരുന്നതിനിടെ വാഹനം ചെങ്കല്‍പ്പണയില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. താക്കോലില്ലാത്ത രീതിയില്‍ കണ്ടെത്തിയ വാഹനം പോലീസ് കയറുകൊണ്ട് കെട്ടിവലിച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പിടികൂടിയ വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെട്ട സംഘം മറ്റൊരു വാഹനത്തില്‍ എത്തി രാത്രി മിയാപദവില്വെച്ച് പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
രക്ഷതേടി അയല്‍സംസ്ഥാനത്തേക്ക്
പോലീസിനുനേരേ വെടിയുതര്‍ത്ത ശേഷം സംഘം നാട്ടില്‍ നില്‍ക്കുന്നത് ആപത്താണെന്ന് മനസ്സിലാക്കി അയല്‍സംസ്ഥാനമായ കര്‍ണാടകയിലേക്ക് കടക്കാന്‍ തീരുമാനിച്ചു. ഇവരുടെ നീക്കം മനസ്സിലാക്കിയ പോലീസ് സംഘവും ഗുണ്ടാസംഘത്തെ പിന്തുടര്ന്നു.
അരമണിക്കൂറോളം സിനിമാരംഗങ്ങളെ വെല്ലുന്ന വിധത്തിലായിരുന്നു ഗുണ്ടാസംഘത്തിന്റെയും പോലീസിന്റെയും വാഹനങ്ങള്‍ തമ്മിലുള്ള മത്സരയോട്ടം നടന്നത്.
ഗുണ്ടകള്‍ അതിര്‍ത്തി ലക്ഷ്യംവെച്ചാണ് നീങ്ങുന്നതെന്ന് മുന്‍കൂട്ടി കണ്ട പോലീസ് അതിര്‍ത്തി റോഡുകളില്‍ പോലീസ് കാവലേര്പ്പെടുത്തിയിരുന്നു. കര്‍ണാടക പോലീസിന് ഡി.വൈ.എസ്.പി. നല്കിയ വിവരം അനുസരിച്ച് കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ണാടക പോലീസും നിലയുറപ്പിച്ചു. കര്‍ണാടകയിലേക്ക് കടന്ന ഗുണ്ടാസംഘം നേരെയെത്തിയത് അതിര്‍ത്തിയില്‍ കാത്തുനിന്ന വിട്ള എസ്.ഐ. വിനോദ് ഷെട്ടിയുടെ മുമ്പിലായിരുന്നു.
പോലീസിന്റെ അപ്രതീക്ഷിതവും സംയുക്തവുമായ നീക്കത്തില്‍ ഒരുനിമിഷം പകച്ചെങ്കിലും വീണ്ടും ഇവര്‍ പോലീസിന് നേരെ വെടിയുതിര്‍ത്തു.
ഏറ്റുമുട്ടലിനിടെയാണ് കര്‍ണാടക പോലിസ് മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ഇവര്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
തോക്കുകളുള്‍പ്പെടെ മാരകായുധങ്ങളും വാഹനത്തില്‍നിന്ന് കണ്ടെടുത്തു. ഇതിനിടയില്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേര്‍ ഊടുവഴികളിലൂടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കുന്നതിനിടെ കോളിയൂരില്വെച്ച് പോലീസ് സംഘത്തെ വെട്ടിച്ച് ഗുണ്ടാസംഘം കടന്നുകളഞ്ഞു.
എന്നാല്‍ പോലീസും പിന്നാലെ എത്തിയതോടെ സംഘം വാഹനമുപേക്ഷിച്ച് രക്ഷപ്പെടുന്നതിനിടെ ഒരാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുവേദപ്പടപ്പ് സ്വദേശി നൗഫലിനെ (20) ആണ് അറസ്റ്റ് ചെയ്തത്.
ഡിവൈ.എസ്.പി. പി.പി. സദാനന്ദന്, മഞ്ചേശ്വരം സി.ഐ. അരുണ്‍ ദാസ്, കുമ്പള എസ്.ഐ. അനില്‍, മഞ്ചേശ്വരം എസ്.ഐ. രാഘവന് എന്നിവരുടെ നേതൃത്വത്തിലുള്ള മുപ്പതോളം പോലീസുകാര്‍ അടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കുണ്ടായിരുന്നത്.