മംഗളൂരു: മംഗളൂരു സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയുടെ പ്രബന്ധം അംഗീകരിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ സര്‍വകലാശാല അസി. പ്രൊഫസര്‍ക്ക് തടവും പിഴയും. മംഗളൂരു സര്‍വകലാശാല സോഷ്യോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. അനിത രവിശങ്കറിനാണ് മംഗളൂരു ലോകായുക്ത കോടതി അഞ്ചുവര്‍ഷം തടവും 30,000 രൂപ പിഴയും വിധിച്ചത്.

2012-ലാണ് സംഭവം. അനിതയുടെ കീഴില്‍ ഗവേഷണം ചെയ്തിരുന്ന പ്രേമ ഡിസൂസ തന്റെ ഗവേഷണപ്രബന്ധം അനിതയ്ക്ക് സമര്‍പ്പിച്ചു. ആ പ്രബന്ധം അംഗീകരിക്കണമെങ്കില്‍ 16,800 രൂപ നല്‍കണമെന്ന് അനിത ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രേമ ഡിസൂസ ലോകായുക്തയ്ക്ക് പരാതി നല്കി. അനിതയ്ക്ക് 5,000 രൂപ നല്‍കാന്‍ പ്രേമയോട് ലോകായുക്ത നിര്‍ദേശിച്ചു.

അതുപ്രകാരം പ്രേമ തുക കൈമാറിയതിനുപിന്നാലെ പരിശോധന നടത്തിയ ലോകായുക്ത പോലീസ് അനിതയില്‍നിന്ന് പണം പിടിച്ചെടുത്ത് അവരെ അറസ്റ്റ് ചെയ്തു.

അഴിമതിവിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം മൂന്ന വര്‍ഷം, രണ്ടുവര്‍ഷം എന്നിങ്ങനെയാണ് മൊത്തം അഞ്ചുവര്‍ഷം തടവ് വിധിച്ചത്. കൂടാതെ 30,000 രൂപ പിഴയും വിധിച്ചു. തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതി.