മംഗളൂരു: സ്‌കൂട്ടര്‍ തടഞ്ഞ് യാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന 16.20 ലക്ഷം രൂപ കൊള്ളയടിച്ചെന്ന കേസില്‍ വഴിത്തിരിവ്. വിവാഹത്തിന് വസ്ത്രവും സ്വര്‍ണവും വാങ്ങാന്‍ പോവുകയായിരുന്നെന്ന് പറഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരന്‍ പ്രതിയായി മാറിയ കേസില്‍ രണ്ട് വാടക മോഷ്ടാക്കളടക്കം അഞ്ചുപേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഹവാല പണമിടപാട് സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായവരെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എന്‍. ശശികുമാര്‍ അറിയിച്ചു.

ഉള്ളാളിലെ മുഹമ്മദ് റിഫാത്, എ.പി.എം.സി. ജീവനക്കാരന്‍ ഫൈസല്‍നഗറിലെ അഷ്ഫാഖ്, ബി.സി. റോഡിലെ വ്യാപാരി ജാഫര്‍ സാദിഖ്, ദുബായില്‍ ജോലി ചെയ്യുന്ന മംഗളൂരുവിലെ മുഹമ്മദ് ഇസ്മയില്‍, പടുബിദ്രിയിലെ ഡ്രൈവര്‍ മയ്യാഡി എന്നിവരാണ് അറസ്റ്റിലായത്.

തട്ടിയെടുത്തതില്‍ 95,000 രൂപയും സഞ്ചരിക്കാന്‍ ഉപയോഗിച്ച ബൈക്ക്, കാര്‍ എന്നിവയും ഇവരില്‍നിന്ന് പിടിച്ചെടുത്തു. ഹവാല ഇടപാടിന്റെ ഭാഗമായി കൈമാറാന്‍ ഏല്‍പ്പിച്ച പണമാണ് നാടകീയരംഗങ്ങള്‍ സൃഷ്ടിച്ച് സംഘം തട്ടിയെടുത്തത്. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ഒളിവിലാണ്.

ഇയാളുടെ നിര്‍ദേശപ്രകാരം സംഘാംഗമായ ഇസ്മയിലാണ് കവര്‍ച്ചാനാടകം ആസൂത്രണം ചെയ്തത്.

ആസൂത്രണം ചെയ്തത് പ്രകാരം മറ്റൊരാള്‍ക്ക് കൈമാറാനുള്ള ഹവാലപ്പണം സംഘത്തലവന്‍ ഏജന്റായ സൂറല്‍പാടിയിലെ അബ്ദുള്‍ സലാമിനെ ഏല്‍പ്പിച്ചു. ഫെബ്രുവരി 22-ന് പണവുമായി പോവുകയായിരുന്ന അബ്ദുള്‍ സലാമിനെ പാണ്ടേശ്വരത്തെ ഓള്‍ഡ് കെന്റ് റോഡില്‍ സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിക്കുകയായിരുന്നു.

സംഭവത്തില്‍ മാര്‍ച്ച് നാലിനാണ് അബ്ദുള്‍ സലാം പരാതി നല്‍കിയത്. ബന്ധുവിന്റെ വിവാഹത്തിന് വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാനുള്ള പണമാണ് നഷ്ടപ്പെട്ടത് എന്നാണ് പാണ്ഡേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്.

16.20 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടും പരാതി നല്‍കാന്‍ 11 ദിവസം കാത്തിരുന്നതില്‍ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. അന്വേഷണവുമായി മുന്നോട്ട് പോയ പോലീസ് അബ്ദുള്‍ സലാമിന്റെ ബന്ധുക്കളുടെ ആരുടെയും വിവാഹം ഇല്ലെന്ന് മനസ്സിലാക്കി. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് ഇയാളടങ്ങുന്ന ഹവാല സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതും സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തതും. അബ്ദുള്‍ സലാമും കുടുംബവും ഒളിവില്‍പോയിരിക്കുകയാണ്.