മംഗളൂരു: പരാറിയിലെ ഓട്ടുകമ്പനിക്കടുത്ത് ഓവുചാലില്‍ എട്ടുവയസ്സുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തിയ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. മംഗളൂരു പരാറിയിലെ രാജ് ഓട് ഫാക്ടറിയിലെ തൊഴിലാളികളും മധ്യപ്രദേശുകാരുമായ ജെയ്ബന്‍ (ജെയ് സിങ്-21), മുകേഷ് സിങ് (20), മനീഷ് തിര്‍ക്കി (20), ഇവരുടെ സുഹൃത്ത് പുത്തൂരില്‍ തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മുനീം സിങ് (33) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതേ ഓട്ടുകമ്പനിയില്‍ ജോലിചെയ്യുന്ന തൊഴിലാളിദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ടത്.

സംഭവത്തെക്കുറിച്ച് മംഗളൂരു പോലീസ് പറയുന്നതിങ്ങനെ : ജെയ്‌സിങ്ങും മനീഷും മുമ്പും പെണ്‍കുട്ടിയെ പണവും ചോക്ലേറ്റും നല്‍കി മുറിയിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ഇക്കാര്യം മദ്യപിക്കുന്നതിനിടെ ഇരുവരും സുഹൃത്തായ മുകേഷിനോട് പറഞ്ഞു.

അടുത്തതവണ തന്നെയും ഒപ്പം കൂട്ടാന്‍ മുകേഷ് ആവശ്യപ്പെട്ടു. ഞായറാഴ്ച ഫാക്ടറിയുടെ പുറത്ത് മറ്റ് കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കെ പെണ്‍കുട്ടിയെ പ്രതികള്‍ ബലമായി മുറിയിലേക്ക് കൊണ്ടുപോയി. മൂന്നുപേരും പീഡിപ്പിക്കുന്നതിനിടെ മുനീം സിങ് ആളുകള്‍ വരുന്നില്ലെന്ന് ഉറപ്പാക്കാന്‍ കാവല്‍ നിന്നു.

പീഡനത്തിനിടെ അലറിക്കരഞ്ഞ പെണ്‍കുട്ടിയെ വിവരം പുറത്തറിയുമെന്ന ഭയത്താല്‍ പ്രതികള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഫാക്ടറിക്കടുത്തുള്ള ഓവുചാലില്‍ തള്ളി. കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലും പ്രതികളില്‍ രണ്ടുപേര്‍ ഒന്നുമറിയാത്തപോലെ പങ്കെടുത്തു.

മംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മിഷണറും മലയാളിയുമായ ഹരിറാം ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.