കൊച്ചി:  മാനസയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പറഞ്ഞാണ് രഖില്‍ മുറിയെടുക്കാന്‍ സഹായം ചോദിച്ചതെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. രഖിലിന് കോതമംഗലം നെല്ലിക്കുഴിയില്‍ വാടകയ്ക്ക് മുറിയെടുത്ത് നല്‍കിയ സുഹൃത്ത് ഹന്‍സീബാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

മാനസയുമായി ഏറെ നാളായി ബന്ധമുണ്ടെന്നും വിട്ടുപിരിയാന്‍ പറ്റില്ലെന്നും പറഞ്ഞിരുന്നു. തങ്ങള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും പറഞ്ഞു. നേരിട്ടു കണ്ട് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളാണെന്നാണ് പറഞ്ഞത്. ഇതിനു വേണ്ടിയാണ് ഒരു സുഹൃത്തെന്ന നിലയില്‍ തന്നോട് സഹായം ചോദിച്ചത്. ഇന്ദിര ഗാന്ധി കോളേജിനടുത്ത് മുറി വേണമെന്നായിരുന്നു ആവശ്യം. മുറിയെടുത്ത ശേഷവും രഖില്‍ തന്നോട് സംസാരിച്ചിരുന്നതായും ഹന്‍സീബ് പറഞ്ഞു. 

രഖിലിന് എങ്ങനെയാണ് തോക്ക് കിട്ടിയതെന്ന് കണ്ടെത്താന്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്. ബാലിസ്റ്റിക് വിദഗ്ധരും ഫൊറന്‍സിക് സംഘവും സംഭവസ്ഥലത്തി വിദഗ്ധ പരിശോധന നടത്തി. തോക്കിന്റെ ഉറവിടം കണ്ടെത്താനായി രഖിലിന്റെ സ്വദേശമായ കണ്ണൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോതമംഗലത്തുനിന്നുള്ള പോലീസ് സംഘം ശനിയാഴ്ച രാവിലെ തന്നെ കണ്ണൂരിലെത്തിയിരുന്നു. ഇവര്‍ മേലൂരിലെ രഖിലിന്റെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി. 

അതിനിടെ, മാനസയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വൈകാതെ രഖിലിന്റെ മൃതദേഹവും പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരിയില്‍ എത്തിക്കും. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

Content Highlights: manasa murder case rakhils friend reveals more details