കോതമംഗലം: നെല്ലിക്കുഴി ഡെന്റല്‍ കോളേജ് ഹൗസ് സര്‍ജന്‍ വിദ്യാര്‍ഥി ഡോ. മാനസ കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മാനസയെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത കണ്ണൂര്‍ സ്വദേശി രാഖിലിന്റെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ആദിത്യന്‍ പ്രദീപ് (26) ആണ് അറസ്റ്റിലായത്.

കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി ആദിത്യനുമായി അന്വേഷണ സംഘം ചൊവ്വാഴ്ച തെളിവെടുപ്പിനായി ബിഹാറിലേക്ക് തിരിച്ചു. ആയുധ നിയമപ്രകാരമാണ് ആദിത്യനെ അറസ്റ്റ് ചെയ്തത്. രാഖില്‍ പിസ്റ്റള്‍ വാങ്ങാന്‍ ബിഹാറിലേക്ക് പോയപ്പോള്‍ ആദിത്യനും ഒപ്പം പോയിരുന്നതായി പോലീസ് പറഞ്ഞു.

രാഖിലിന്റെ കൂടെ പോയതല്ലാതെ പിസ്റ്റള്‍ വാങ്ങാനാണ് പോകുന്നതെന്ന വിവരമൊന്നും അറിയില്ലെന്നാണ് ആദിത്യന്‍ പോലീസിനോട് പറഞ്ഞത്. തോക്ക് നല്‍കിയ ബിഹാര്‍ പര്‍സന്തോ സ്വദേശി സോനുകുമാര്‍, മുന്‍ഗര്‍ സ്വദേശി മനീഷ്‌കുമാര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.