കൊച്ചി:  ചെറിയ കൈത്തോക്കുകള്‍ മുതല്‍ എ.കെ.47 വരെ, ചെറുതും വലുതുമായ തോക്ക് നിര്‍മാണ ശാലകള്‍, അനധികൃത തോക്ക് നിര്‍മാണത്തിലൂടെ രാജ്യത്തും പുറത്തും കുപ്രസിദ്ധി നേടിയ സ്ഥലമാണ് ബിഹാറിലെ മുംഗര്‍ ജില്ല. കോതമംഗലത്ത് മാനസയെ വെടിവെച്ച് കൊന്ന രാഖില്‍ തോക്ക് സംഘടിപ്പിച്ചത് ബിഹാറില്‍നിന്നാണെന്ന വിവരം പുറത്തുവന്നതോടെയാണ് മുംഗറിലെ തോക്ക് നിര്‍മാണം വീണ്ടും ചര്‍ച്ചയാകുന്നത്. അതേസമയം, മുംഗറില്‍നിന്നാണോ രാഖില്‍ തോക്ക് വാങ്ങിയതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

ബിഹാറിന്റെ തലസ്ഥാനനഗരമായ പട്‌നയില്‍നിന്ന് 150 കിലോമീറ്ററിലേറെ അകലെയാണ് മുംഗര്‍. ചെറുതും വലുതുമായ അനധികൃത തോക്ക് നിര്‍മാണശാലകളുടെ പേരിലാണ് മുംഗര്‍ വാര്‍ത്തകളിലിടം നേടിയിട്ടുള്ളത്. നിയമപരമായി പ്രവര്‍ത്തിക്കുന്ന തോക്ക് നിര്‍മാണശാലകളും ഇവിടെയുണ്ട്.

തോക്ക് നിര്‍മാണവും അറ്റകുറ്റപ്പണിയും വില്‍പ്പനയുമെല്ലാം ഇവിടെ തകൃതിയായി നടക്കുന്നു. ഇടയ്ക്കിടെ ചില ഫാക്ടറികള്‍ റെയ്ഡ് ചെയ്ത് പ്രതികളെ പിടികൂടിയെന്ന വാര്‍ത്തകള്‍ പുറത്തുവരാറുണ്ടെങ്കിലും അനധികൃതമായി നിര്‍മിക്കുന്ന പുതിയ തോക്കുകള്‍ ഓരോദിവസവും മുംഗറില്‍നിന്ന് പലയിടത്തേക്കും കടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

നാടന്‍ തോക്കുകള്‍ മുതല്‍ അത്യാധുനിക എ.കെ-47, എ.കെ-57 തോക്കുകള്‍ വരെ മുംഗറില്‍ സുലഭമായി ലഭിക്കും. ചെറുതും വലുതുമായ ഒട്ടേറെ തോക്ക് നിര്‍മാണശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. കൃത്യം ഒരുമാസം മുമ്പ് ഏഴ് അനധികൃത തോക്ക് നിര്‍മാണ ശാലകളാണ് പോലീസ് സംഘം കണ്ടെത്തിയത്. ഇവിടെനിന്ന് തോക്കുകളും പിടിച്ചെടുത്തു. ജൂണ്‍ 29-ന് നടന്ന ഈ റെയ്ഡില്‍ നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  

എന്നാല്‍ വര്‍ഷങ്ങളായി നിയമപരമായി പ്രവര്‍ത്തിക്കുന്ന തോക്ക് നിര്‍മാണശാലകളും മുംഗറിലുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം നിലവില്‍ ഇവയുടെ എണ്ണം വളരെ ചുരുക്കമാണെന്നാണ് അടുത്തിടെയുള്ള ചില റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഇത്തരം നിര്‍മാതാക്കള്‍ എയര്‍ റൈഫിളുകളും എയര്‍ പിസ്റ്റളുകളും നിര്‍മിക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന് ഈ വര്‍ഷമാദ്യം ആവശ്യപ്പെട്ടിരുന്നു. ഷൂട്ടിങ്ങ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന തോക്കുകള്‍ വളരെ തുച്ഛമായ നിരക്കില്‍ തങ്ങള്‍ക്ക് നിര്‍മിച്ചുനല്‍കാനാകുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. 

നിയമപരമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെക്കാള്‍ അനധികൃത തോക്ക് നിര്‍മാതാക്കളുടെ എണ്ണമാണ് കൂടുതല്‍. പോലീസിന്റെയും അധികൃതരുടെയും കണ്ണുവെട്ടിച്ച് ഇവര്‍ പലതരത്തിലുള്ള തോക്കുകളും നിര്‍മിച്ചുനല്‍കുന്നു. സ്ത്രീകളും യുവാക്കളും ഉള്‍പ്പെടയുള്ളവര്‍ ഇത്തരം സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

കണ്ണൂര്‍ മേലൂര്‍ സ്വദേശിയായ രാഖില്‍ മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ബിഹാറിലേക്ക് യാത്ര ചെയ്‌തെന്ന വിവരമാണ് തോക്കിന്റെ ഉറവിടം മുംഗര്‍ ആണോ എന്ന സംശയം ബലപ്പെടുത്തുന്നത്. കേരളത്തില്‍ ജോലിചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ രാഖില്‍ ബിഹാറില്‍വെച്ച് കണ്ടെന്നും ഒരുദിവസം സുഹൃത്തിനെ കൂട്ടാതെ രാഖില്‍ ഒറ്റയ്ക്ക് ബിഹാറില്‍ യാത്രചെയ്‌തെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതാണ് പട്‌നയില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള മുംഗറിലേക്ക് സംശയമുന നീളുന്നത്. തോക്ക് വാങ്ങിയത് മുംഗറിലെ അനധികൃത നിര്‍മാണശാലകളില്‍ നിന്നാണെങ്കില്‍ പോലീസ് സംഘത്തിന് ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുകയെന്നതും പ്രയാസകരമാകും. 

Content Highlights: manasa murder case police says rakhil bought gun from bihar now all eyes to munger a place for illegal gun factories