കൊച്ചി: മാനസയെ കൊലപ്പെടുത്താന്‍ രഖിലിന് തോക്ക് നല്‍കിയ ആളെ പോലീസ് സംഘം പിടികൂടിയത് അതിസാഹസികമായി. ബിഹാര്‍ സ്വദേശിയായ സോനുകുമാര്‍ മോദി(21)യെയാണ് ബിഹാര്‍ പോലീസിന്റെ സഹായത്തോടെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ബിഹാറിലെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങി. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാവിലെയോ ഇയാളെ കൊച്ചിയിലെത്തിക്കുമെന്നാണ് പ്രാഥമികവിവരം. 

മാനസയെ വെടിവെച്ച് കൊല്ലാനായി രഖില്‍ തോക്ക് വാങ്ങിയത് ബിഹാറില്‍നിന്നാണെന്ന് പോലീസിന് നേരത്തെ വ്യക്തമായിരുന്നു. തുടര്‍ന്നാണ് കോതമംഗലം എസ്.ഐ. മാഹിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം ബിഹാറിലേക്ക് അന്വേഷണത്തിനായി പുറപ്പെട്ടത്. രഖില്‍ ബിഹാറില്‍ താമസിച്ചയിടങ്ങളും സഞ്ചരിച്ച സ്ഥലങ്ങളിലും പോലീസ് സംഘം വിശദമായ അന്വേഷണം നടത്തി. ഇവിടെനിന്നാണ് സോനുകുമാര്‍ മോദിയെക്കുറിച്ച് സൂചന ലഭിച്ചത്. 

ബിഹാര്‍ പോലീസിന്റെ സഹായത്തോടെയാണ് സോനുകുമാര്‍ മോദിയെ പോലീസ് സംഘം പിടികൂടിയത്. കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോള്‍ സോനുവിന്റെ സംഘം ചെറുത്തുനില്‍പ്പിന് ശ്രമിച്ചതായും പോലീസിനെ ആക്രമിച്ചതായും വിവരമുണ്ട്. തുടര്‍ന്ന് ബിഹാര്‍ പോലീസ് ഇവര്‍ക്ക് നേരേ വെടിയുതിര്‍ത്താണ് സോനുവിനെ സാഹസികമായി പിടികൂടിയതെന്നും വിവരങ്ങളുണ്ട്. 

AlsoRead: നാടന്‍ തോക്ക് മുതല്‍ എകെ-47 വരെ, ഒട്ടേറെ നിര്‍മാണശാലകള്‍; രഖിലിന്റെ തോക്ക് മുംഗറില്‍നിന്നോ?

ബിഹാറിലെ മുംഗര്‍ സ്വദേശിയാണ് സോനുകുമാര്‍ മോദിയെന്നാണ് പ്രാഥമികവിവരം. കള്ളത്തോക്ക് നിര്‍മാണത്തിലൂടെ കുപ്രസിദ്ധി നേടിയ ബിഹാറിലെ സ്ഥലമാണ് മുംഗര്‍. രഖില്‍ ബിഹാറിലേക്ക് യാത്രചെയ്‌തെന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ മുംഗറില്‍നിന്നായിരിക്കും തോക്ക് വാങ്ങിച്ചതെന്ന് അന്വേഷണസംഘത്തിന് സംശയമുണ്ടായിരുന്നു. 

രഖിലിന് തോക്ക് നല്‍കിയ ആളെ കണ്ടെത്തിയതോടെ മാനസ കൊലക്കേസില്‍ നിര്‍ണായകഘട്ടം പിന്നിട്ടതായാണ് പോലീസിന്റെ വിലയിരുത്തല്‍. ഇനി രഖിലിന് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചോ, കൂടുതല്‍ പേരുടെ സഹായം ലഭിച്ചോ തുടങ്ങിയ കാര്യങ്ങളാണ് അറിയാനുള്ളത്. ഇതിനിടെ, സോനുവിനെ രഖിലിന് പരിചയപ്പെടുത്തിനല്‍കിയത് ഒരു ടാക്‌സി ഡ്രൈവറാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാളെ കണ്ടെത്താനും അന്വേഷണം തുടരുകയാണ്. 

ജൂലായ് 30-നാണ് കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സിലെ ബി.ഡി.എസ്. വിദ്യാര്‍ഥിനിയായ കണ്ണൂര്‍ നാറാത്ത് സ്വദേശി മാനസയെ രഖില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മാനസ താമസിക്കുന്ന വീട്ടിലെത്തിയ രഖില്‍ പെണ്‍കുട്ടിയെ വെടിവെച്ച് കൊന്നശേഷം സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. കണ്ണൂര്‍ മേലൂര്‍ സ്വദേശിയാണ് രഖില്‍. 

Content Highlights: manasa murder case police nabbed sonukumar modi who given pistol to rakhil