കൊച്ചി/കണ്ണൂര്‍: കോതമംഗലത്ത് ബി.ഡി.എസ്. വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയ കേസില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കോതമംഗലത്തെ ആശുപത്രിയിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നത്. ഇതിനുശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും. 

അതിനിടെ, കേസില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നിലവില്‍ രഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇയാളുമായി ബന്ധപ്പെട്ടിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കോതമംഗലത്തുനിന്നുള്ള പോലീസ് സംഘം കണ്ണൂരിലെത്തിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയോടെ ഇവര്‍ കണ്ണൂരിലെത്തിയെന്നാണ് പോലീസ് കേന്ദ്രങ്ങളില്‍നിന്നുള്ള വിവരം. 

രഖില്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം കണ്ടെത്താനാണ് പോലീസ് പ്രധാനമായും ശ്രമിക്കുന്നത്. തോക്ക് മോഷ്ടിച്ചതാണോ അതോ ഏതെങ്കിലും കള്ളക്കടത്ത് സംഘങ്ങളില്‍നിന്ന് വാങ്ങിയതാണോ എന്നതാണ് സംശയം. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ രഖിലിന്റെ ഫോണും വീട്ടിലെ മുറിയും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. 

എം.ബി.എ. പഠനം പൂര്‍ത്തീകരിച്ച രഖിലിന് നാട്ടില്‍ ആരുമായും വലിയ സൗഹൃദങ്ങളില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പഠനത്തിന് ശേഷം ഇന്റീരിയര്‍ ഡിസൈനിങ് ജോലികള്‍ ചെയ്തുവരികയായിരുന്നു. മൂന്നു ദിവസം മുമ്പാണ് വീട്ടില്‍ അവസാനം വന്നത്. ഇടയ്ക്കിടെ ജോലിയുടെ ഭാഗമായി എറണാകുളത്തും കോഴിക്കോടും താമസിച്ചിരുന്നതിനാല്‍ ആര്‍ക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. ഇയാളുടെ പെരുമാറ്റത്തിലും  സംശയമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നതോടെയാണ് രഖില്‍ കോതമംഗലത്തേക്കാണ് വന്നതെന്നും കൈയില്‍ തോക്ക് ഉണ്ടായിരുന്നുവെന്നതും ബന്ധുക്കള്‍ അറിഞ്ഞത്. തോക്കുമായെത്തി പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയത് രഖിലാണെന്ന വിവരമറിഞ്ഞ് തങ്ങള്‍ ഞെട്ടിയെന്നായിരുന്നു ബന്ധുക്കളുടെ പ്രതികരണം. 

Content Highlights: manasa murder case police investigation about rakhils gun