കൊച്ചി: കോതമംഗലത്ത് ബി.ഡി.എസ്. വിദ്യാര്‍ത്ഥിനി മാനസ വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍, അറസ്റ്റിലായ പ്രതികളുടെ ഫോണില്‍നിന്നു ലഭിച്ച ചിത്രം കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. സ്വയം വെടിവെച്ചു മരിച്ച രാഖിലും അറസ്റ്റിലായിരിക്കുന്ന സോനുകുമാറും മനീഷ് കുമാര്‍ വര്‍മയും മറ്റ് രണ്ടുപേരും കാറില്‍ സഞ്ചരിക്കുന്ന ഫോട്ടോയാണ് കിട്ടിയിട്ടുള്ളത്. തോക്ക് വാങ്ങാന്‍ പോയപ്പോള്‍ ബിഹാറില്‍വെച്ച് എടുത്തതാണ് ചിത്രമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടെയുള്ളവര്‍ക്ക് കേസിലുള്ള പങ്കാണ് പോലീസ് അന്വേഷിക്കുന്നത്. ഇവര്‍ക്ക് പങ്കുള്ളതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് വീണ്ടും ബിഹാറിലേക്ക് പോകും. ചിത്രത്തില്‍ ഒരാള്‍ രാഖിലിന്റെ മലയാളി സുഹൃത്താണോ എന്നും സംശയമുണ്ട്.

പ്രതികളുടെ ഫോണ്‍ രേഖകളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണില്‍ നിന്ന് വിവരം ശേഖരിക്കുന്ന നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഇവരുടെ ഫോണുകളില്‍നിന്നു ലഭിച്ച നമ്പറുകളില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിക്കും.

രാഖിലിന് തോക്ക് കൈമാറിയ കുറ്റത്തിന് അറസ്റ്റ് ചെയ്ത ബിഹാര്‍ സ്വദേശികളായ സോനുകുമാര്‍ (24), മനീഷ് കുമാര്‍ വര്‍മ (24) എന്നിവരെ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും ചോദ്യം ചെയ്തതിനു ശേഷം ഉച്ചയ്ക്കുശേഷമാണ് കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതികളെ കാക്കനാട് ജയിലിലേക്ക് മാറ്റി. കള്ളത്തോക്ക് കൈവശം വെച്ചു, ലൈസന്‍സില്ലാതെ തോക്ക് വിറ്റു എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ബിഹാറില്‍നിന്ന് പിടികൂടിയ പ്രതികളെ ഞായറാഴ്ച വൈകീട്ടാണ് വിമാനത്തില്‍ കൊച്ചിയിലെത്തിച്ചത്.

ഉത്തരേന്ത്യയില്‍നിന്ന് കള്ളത്തോക്കുകള്‍ ഒഴുകുന്നു 

കൊച്ചി: കേരളത്തിലേക്ക് ഉത്തരേന്ത്യയില്‍നിന്ന് കള്ളത്തോക്കുകള്‍ ഒഴുകുന്നു. മലബാര്‍ മേഖലയിലെ ക്വട്ടേഷന്‍-കള്ളക്കടത്ത് സംഘങ്ങള്‍ക്കായാണ് തോക്കുകള്‍ വരുന്നതെന്നാണ് സൂചന. കോതമംഗലം നെല്ലിക്കുഴിയിലെ മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചത്.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം മേഖലകളിലേക്കാണ് തോക്കില്‍ ഏറിയ പങ്കും എത്തുന്നത്. തീവ്രവാദ ബന്ധമുള്ളവര്‍ക്ക് തോക്ക് കൈമാറിയതായി തെളിഞ്ഞാല്‍ കേസ് കേന്ദ്ര ഏജന്‍സികളുടെ കൈകളിലേക്കും എത്തും.

കേരളത്തില്‍ അടുത്തകാലത്ത് നടന്നിട്ടുള്ള വെടിവെപ്പുകള്‍ക്കായി തോക്കെത്തിച്ചത് സംബന്ധിച്ചും അന്വേഷണമുണ്ടാകും. എറണാകുളം ജില്ലയില്‍ നടന്ന രണ്ട് വെടിവെപ്പുകളില്‍ പ്രധാന ഗുണ്ടാസംഘത്തിന് ബന്ധമുണ്ടായിരുന്നു. ഇതും അന്വേഷിക്കും.

മാനസ കൊലക്കേസ് അന്വേഷണം കള്ളത്തോക്ക് കടത്തിലേക്കുകൂടി വ്യാപിപ്പിക്കുന്നതിനെകുറിച്ച് പോലീസ് വൈകാതെ തീരുമാനമെടുത്തേക്കും. കേസിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള സാധ്യതയുമുണ്ട്.