കണ്ണൂര്‍: മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രാഖില്‍ ബിഹാറിലേക്ക് യാത്രചെയ്‌തെന്നും കേസില്‍ പോലീസിന് കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. കോതമംഗലത്ത് നടന്നത് ഉത്തരേന്ത്യന്‍ ശൈലിയുള്ള കൊലപാതകമാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്.പി.യുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട മാനസയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാഖില്‍ ബിഹാറില്‍പോയതിന് കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് രാഖിലും സുഹൃത്തും ബിഹാറില്‍ പോയിട്ടുണ്ടെന്നാണ് എറണാകുളം റൂറല്‍ എസ്.പി. പറഞ്ഞത്. ബിഹാറിന്റെ ഉള്‍പ്രദേശങ്ങളില്‍ താമസിച്ചു. അവിടെ രാഖിലിന് പരിചയമുള്ള ഒരു ഇതരസംസ്ഥാന തൊഴിലാളിയുണ്ടായിരുന്നു. ഇയാളെ അവിടെവെച്ച് കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് സംഘം ഇന്നുതന്നെ ബിഹാറിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. 

രാഖിലിന്റെ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ തോക്ക് സംഘടിപ്പിച്ചത് ബിഹാറില്‍നിന്നാണെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. ഇന്റീരിയര്‍ ഡിസൈനിങ് ജോലികള്‍ ചെയ്തിരുന്ന രാഖില്‍ ഒരുസുഹൃത്തിനൊപ്പമാണ് ബിഹാറിലേക്ക് പോയിരുന്നത്. രണ്ടുദിവസം സുഹൃത്തിനൊപ്പം അവിടെ യാത്രചെയ്തു. എന്നാല്‍ ഒരുദിവസം രാഖില്‍ ഒറ്റയ്ക്ക് യാത്രചെയ്‌തെന്നാണ് വിവരം. ഇതിനിടെയാണ് തോക്ക് സംഘടിപ്പിച്ചതെന്നും കരുതുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പോലീസ് കേന്ദ്രങ്ങള്‍ വ്യക്തത നല്‍കിയിട്ടില്ല. വിശദമായ അന്വേഷണത്തിനായി പോലീസ് സംഘം ഇന്നുതന്നെ ബിഹാറിലേക്ക് യാത്രതിരിക്കും. തോക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി ബിഹാര്‍ പോലീസുമായി ബന്ധപ്പെട്ടിട്ടുമുണ്ട്. 

അതിനിടെ, കൊല്ലപ്പെട്ട മാനസയുടെ മൃതദേഹം രാവിലെ പത്ത് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പയ്യാമ്പലത്തെ ശ്മശാനത്തില്‍ എത്തിച്ചു. നാറാത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചത്. രാവിലെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. 

Content Highlights: manasa murder case minister mv govindan says about rakhils bihar journey