കോതമംഗലം: വെടിയേറ്റ് കൊല്ലപ്പെട്ട മാനസ പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥിയായിരുന്നുവെന്ന് കോളേജ് അധികൃതര്‍. മാനസ പരീക്ഷകളിലെല്ലാം നല്ല നിലവാരം പുലര്‍ത്തിയിരുന്നതായും കോളേജില്‍ ഇന്നേവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജ് സി.ഒ.ഒ. ബിജേഷ് പറഞ്ഞു. 

'ഹൗസ് സര്‍ജന്‍സി ചെയ്തിരുന്ന കുട്ടി ഇന്നലെ അവധിയെടുത്തിരുന്നതായാണ് വിവരം. ഒന്നര മാസം മാത്രമേ കോഴ്‌സ് തീരാന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. പരീക്ഷകളിലെല്ലാം മാനസ നല്ല നിലവാരം പുലര്‍ത്തിയിരുന്നു. കോളേജില്‍ ഇന്നേവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഒരു കാര്യത്തിന് പോലും കുട്ടിയെ വിളിപ്പിക്കേണ്ടി വന്നിട്ടില്ല. ഇന്നലെ ഉച്ചയോടെയാണ് കൂടെയുണ്ടായിരുന്ന കുട്ടികള്‍ കോളേജില്‍നിന്ന് പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെത്തിയത്. ഈ സംഭവം കണ്ട് അവരെല്ലാം ഷോക്കിലാണ്. അവരെ വീട്ടുകാരെത്തി സ്വന്തം വീടുകളിലേക്ക് കൊണ്ടുപോയിട്ടുണ്ട്'- ബിജേഷ് കൂട്ടിച്ചേര്‍ത്തു. 

രഖില്‍ മാനസയെ കോതമംഗലത്ത് എത്തി ശല്യംചെയ്തിരുന്നോ എന്നത് സംബന്ധിച്ച് തങ്ങള്‍ക്കറിയില്ലെന്ന് മാനസയുടെ പിതൃസഹോദരനും പ്രതികരിച്ചു. 'ഞങ്ങള്‍ സഹോദരങ്ങളെല്ലാം തൊട്ടടുത്താണ് താമസം. എല്ലാവരും നല്ല അടുപ്പത്തിലാണ്. രഖില്‍ കോതമംഗലത്ത് വന്ന് മാനസയെ ശല്യപ്പെടുത്തിയിരുന്നോ എന്നതറിയില്ല. ഇതേക്കുറിച്ച് മാനസ മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ടോ എന്നതും അറിയില്ല. നേരത്തെ ശല്യം ചെയ്തിരുന്നത് പോലീസിലൊക്കെ പരാതി നല്‍കിയിരുന്നു. രഖിലിനെക്കുറിച്ചും ഒന്നുമറിയില്ല. ഞങ്ങളുടെ പ്രദേശത്തുനിന്ന് 30 കിലോ മീറ്റര്‍ അകലെയാണ് അവന്റെ വീട്. ഇരുവരും സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടെന്നാണ് വിവരം'- പിതൃസഹോദരന്‍ പറഞ്ഞു. 

Content Highlights: manasa murder case kothamangalam her relative and college official tells about her