കൊച്ചി: ബിഹാറില്‍നിന്ന് കള്ളത്തോക്ക് വാങ്ങാന്‍ രഖില്‍ ഏകദേശം 35,000 രൂപ ചെലവഴിച്ചതായി എറണാകുളം റൂറല്‍ എസ്.പി. കെ. കാര്‍ത്തിക്. കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്നുള്ള പോലീസ് സംഘം ബിഹാറില്‍ തുടരുകയാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷമേ അന്വേഷണസംഘം മടങ്ങുകയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

അറസ്റ്റിലായ സോനുകുമാര്‍ മോദിയാണ് രഖിലിന് തോക്ക് നല്‍കിയത്. ഇയാളെ അവിടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയിട്ടുണ്ട്. കേരളത്തിലേക്ക് എങ്ങനെ, എപ്പോള്‍ കൊണ്ടുവരണമെന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. കേസില്‍ ഇനി കൂടുതല്‍ തെളിവുകളടക്കം ശേഖരിക്കേണ്ടതുണ്ട്. അതിനാല്‍ കേരളത്തില്‍നിന്നുള്ള പോലീസ് സംഘം ബിഹാറില്‍ തുടരുകയാണെന്നും എസ്.പി. വ്യക്തമാക്കി. 

സോനുവിനെ പിടികൂടാന്‍ ലോക്കല്‍ പോലീസിന്റെ സഹായം നിര്‍ണായകമായെന്നും ബിഹാര്‍ പോലീസ് നല്ല രീതിയില്‍ സഹായിച്ചെന്നും എസ്.പി. പറഞ്ഞു. പോലീസിന് കടന്നുചെല്ലാന്‍ വെല്ലുവിളികളുള്ള പ്രദേശമാണ് മുംഗര്‍. അവിടുത്തെ എസ്.പി. അടക്കമുള്ള ഉദ്യോഗസ്ഥര്‍ കേരള പോലീസ് സംഘത്തിന് നല്ല സഹായം നല്‍കി. പോലീസ് സംഘത്തിന് യാത്ര, താമസസൗകര്യങ്ങള്‍ ബിഹാര്‍ പോലീസ് ഏര്‍പ്പാടാക്കിനല്‍കിയെന്നും എസ്.പി. വിശദീകരിച്ചു. 

സോനുകുമാര്‍ മോദി കേരളത്തില്‍ വന്നിരുന്നോ എന്നത് വ്യക്തമായിട്ടില്ല. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ ഉത്തരംകിട്ടും. ബിഹാറില്‍ പോയി തോക്ക് വാങ്ങിവരാന്‍ രഖില്‍ പത്ത് ദിവസമാണ് ചെലവഴിച്ചത്. സംഭവത്തില്‍ രഖിലിന് ഇവിടെനിന്ന് സഹായം ലഭിച്ചതായി ഇതുവരെ വിവരങ്ങളില്ല. കൂടുതല്‍വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും എസ്.പി. പറഞ്ഞു. 

Content Highlights: manasa murder case eranakulam rural sp says about bihar operation