കൊച്ചി: മാനസ കൊലക്കേസുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്. മാനസയെ കൊലപ്പെടുത്തിയ രഖില്‍ തോക്ക് വാങ്ങാന്‍ പോകുന്ന ദൃശ്യങ്ങളും അറസ്റ്റിലായ പ്രതി മനേഷ് കുമാര്‍ വര്‍മ തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. ഇതോടെ മനേഷ്‌കുമാര്‍ വര്‍മയാണ് രഖിലിന് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയതെന്ന നിഗമനത്തിലാണ് പോലീസ്. 

കഴിഞ്ഞദിവസമാണ് രഖിലിന് തോക്ക് വിറ്റ സോനുകുമാര്‍ മോദിയെയും ഇടനിലക്കാരനായ ടാക്‌സി ഡ്രൈവര്‍ മനേഷ്‌കുമാര്‍ വര്‍മയെയും ബിഹാറില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഫോണുകളില്‍നിന്നാണ് നിര്‍ണായകമായ തോക്ക് പരിശീലന ദൃശ്യങ്ങള്‍ ലഭിച്ചത്. രഖിലിനൊപ്പം കാറില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. 

മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രഖിലിന് തോക്ക് ഉപയോഗിക്കാന്‍ കൃത്യമായ പരിശീലനം ലഭിച്ചിരുന്നതായി പോലീസ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. തോക്ക് വാങ്ങിയ ബിഹാറില്‍നിന്ന് തന്നെയാകും ഈ പരിശീലനം ലഭിച്ചതെന്നും പോലീസ് കരുതിയിരുന്നു. ഇതെല്ലാം സാധൂകരിക്കുന്നതരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്ടെടുത്തിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന തോക്ക് മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ തോക്കാണെന്നും പോലീസ് കരുതുന്നു. 

ഇതുവരെ ഇരുപതോളം തോക്കുകള്‍ വിറ്റതായി അറസ്റ്റിലായ സോനുകുമാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളുടെ ഫോണില്‍നിന്ന് കേരളത്തില്‍നിന്നുള്ള കൂടുതല്‍പേരുടെ നമ്പറുകള്‍ ലഭിച്ചതായും വിവരമുണ്ട്. ഈ നമ്പറുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. കേസില്‍ നേരത്തെ ചോദ്യംചെയ്ത രഖിലിന്റെ സുഹൃത്തിനെ പോലീസ് വീണ്ടും ചോദ്യംചെയ്‌തേക്കും. ബിഹാറില്‍നിന്ന് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സുഹൃത്തിനെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത്. 

അതിനിടെ, അറസ്റ്റിലായ സോനുകുമാറിനെയും മനേഷ് വര്‍മയെയും ഞായറാഴ്ച വൈകിട്ടോടെ കൊച്ചിയിലെത്തിക്കും. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം. 

Content Highlights: manasa murder case accused shooting practice visuals