കോതമംഗലം: മാനസയെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് രഖില്‍ കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായി നിഗമനം. ഒരു മാസം പ്രദേശത്ത് രഹസ്യമായി താമസിച്ചാണ് രഖില്‍ കൊലപാതകത്തിനുള്ള ആസൂത്രണം നടത്തിയത്. മാനസ പഠിച്ചിരുന്ന കോളേജിനും താമസിച്ചിരുന്ന വീടിനും ഇടയിലുള്ള സ്ഥലമാണ് ഇയാള്‍ താമസിക്കാനായി തിരഞ്ഞെടുത്തത്. ഇവിടെ മുകള്‍നിലയിലുള്ള മുറിയില്‍നിന്ന് മാനസ നടന്നു പോയിരുന്ന വഴിയും കൃത്യമായി കാണാം. അതിനാല്‍ ദിവസങ്ങളോളം പെണ്‍കുട്ടിയെ നിരീക്ഷിച്ചതിന് ശേഷമാണ് കൊലപാതകത്തിലേക്ക് കടന്നതെന്നാണ് നിഗമനം. 

പ്ലൈവുഡ് വ്യാപാരിയാണെന്ന് പറഞ്ഞാണ് രഖില്‍ കഴിഞ്ഞ നാലാം തീയതി ഇവിടെ മുറിയെടുത്തത്. ഇയാളുടെ പെരുമാറ്റത്തില്‍ ആര്‍ക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. യുവാവ് താമസിച്ചിരുന്നത് മുകള്‍നിലയിലുള്ള മുറിയിലായിരുന്നു. ഈ മുറി മറയ്ക്കുന്ന തരത്തില്‍ ഒരു കര്‍ട്ടനും ഇവിടെയുണ്ട്. അതിനാല്‍ പുറത്തുനിന്നും ഇവിടേക്ക് ഒന്നും കാണാനാകില്ല. ഈ കര്‍ട്ടന്റെ ഒരു ഭാഗത്ത് കൃത്യമായ വിടവുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. മാനസയെ നിരീക്ഷിക്കാനായി രഖില്‍ തന്നെ ഈ വിടവുണ്ടാക്കിയെന്നാണ് കരുതുന്നത്. രഖിലിന്റെ മുറിയില്‍ നിലവില്‍ വസ്ത്രങ്ങളും ചില മരുന്നുകളും മാത്രമാണ് അവശേഷിക്കുന്നത്. 

അതിനിടെ, മാനസയുടെയും രഖിലിന്റെയും മൊബൈല്‍ ഫോണുകള്‍ പോലീസ് സംഘം വിശദമായി പരിശോധിച്ചുവരികയാണ്. എവിടെനിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന വിവരമടക്കം മൊബൈല്‍ ഫോണ്‍ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. രഖില്‍ നെല്ലിക്കുഴിയിലെത്തി താമസം ആരംഭിച്ച വിവരം മാനസ നേരത്തെ അറിഞ്ഞിരുന്നോ എന്നതിലും വ്യക്തതയില്ല. രഖില്‍ ശല്യം ചെയ്തതിനെക്കുറിച്ചോ യുവാവുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചോ പെണ്‍കുട്ടി സഹപാഠികളോടൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. 

Content Highlights: manasa murder case accused rakhil starts living in nellikuzhi before one month