കൊച്ചി: മാനസയുടെ കൊലപാതക കേസ് അന്വേഷണത്തിന്റെ ഭാഗമായി ബിഹാറിലെത്തിയ അന്വേഷണ സംഘം നേരിടേണ്ടിവന്നത് ആക്ഷന്‍ സിനിമയെ വെല്ലുന്ന രംഗങ്ങള്‍. രാഖിലിന് തോക്ക് കൈമാറിയ സോനുകുമാറിനെ ആദ്യം വലയില്‍ വീഴ്ത്താനാണ് പോലീസ് തീരുമാനിച്ചത്. 

തോക്ക് പോലുള്ള വസ്തുക്കളുടെ സെക്കന്‍ഡ്ഹാന്‍ഡ് വില്‍പ്പന നടത്തുന്നയാളാണ് സോനു എന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. 'പഴയ തോക്ക് കിട്ടുമോ' എന്നു ചോദിച്ചാണ് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം സോനുകുമാറിനെ ബന്ധപ്പെട്ടത്. കോതമംഗലം എസ്.ഐ. മാഹിന്‍ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിഹാറിലെത്തിയിരുന്നത്. പട്‌നയില്‍ നിന്ന് 220 കിലോമീറ്റര്‍ മാറിയുള്ള മുംഗേര്‍ ജില്ലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്താന്‍ സോനുകുമാര്‍ അറിയിച്ചു. ആയുധ വില്പനക്കാരായതിനാല്‍ ആക്രമണ സാധ്യതയുണ്ടെന്ന് പോലീസ് കണക്കുകൂട്ടിയിരുന്നു. അതിനാല്‍, നേരത്തേതന്നെ മുംഗേര്‍ എസ്.പി.യുടെ സഹായം തേടി. എസ്.പി. സ്‌ക്വാഡിനെ വിട്ടുനല്‍കി. സാധാരണ വേഷത്തിലാണ് പോലീസ് സംഘം എത്തിയതെങ്കിലും സോനുവിന്റെ സംഘത്തിലെ ചിലര്‍ക്ക് ബിഹാര്‍ പോലീസിലെ ഉദ്യോഗസ്ഥരെ തിരിച്ചറിയാനായി. ഇവര്‍ ബഹളം വെച്ചതോടെ സോനുവിനെ പിടിക്കാന്‍ പോലീസ് ശ്രമിച്ചു. ഇതോടെ, കൂട്ടാളികള്‍ ആയുധങ്ങളുമായി ആക്രമിക്കാന്‍ ഒരുങ്ങി.

ഉടന്‍ എസ്.പി.യുടെ സ്‌ക്വാഡിലുള്ള ബിഹാര്‍ പോലീസ് സംഘം നിറയൊഴിച്ചു. വെടിപൊട്ടിയതോട ഇവര്‍ പിന്‍വാങ്ങി. ഏറെനേരം നീണ്ട സാഹസിക ഓപ്പറേഷന് ഒടുവിലാണ് സോനുവിനെ കീഴടക്കി അന്വേഷണ സംഘം സമീപത്തെ പോലീസ് സ്റ്റേഷനിലെത്തിച്ചത്.

ഇവിടെ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ആയുധവ്യാപാര സംഘത്തിന്റെ ഏജന്റായ മനീഷ്‌കുമാര്‍ വര്‍മയുടെ കാര്യം വെളിപ്പെടുത്തുന്നത്. തോക്ക് ലഭിക്കാന്‍ തന്നെ സഹായിച്ചത് മനീഷാണെന്നും മനീഷാണ് രാഖിലിനെ കാറില്‍ കൂട്ടിക്കൊണ്ടുവരാന്‍ സഹായിച്ചതെന്നും ഇയാള്‍ അറിയിച്ചു. ഇതോടെ മനീഷിനെ പിടികൂടുന്നതിനായി സംഘം ഇറങ്ങി. മനീഷ്‌കുമാര്‍ വര്‍മയെ പട്നയില്‍ നിന്ന് പ്രയാസമില്ലാതെ അറസ്റ്റു ചെയ്യാന്‍ പോലീസിനായി.

സോനു രാഖിലിന്റെ സ്ഥാപനത്തിലെ ജോലിക്കാരന്‍

രാഖിലും പാര്‍ട്ണര്‍ ആദിത്യനും ചേര്‍ന്ന് ബെംഗളൂരുവില്‍ നടത്തിയിരുന്ന ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു സോനുകുമാര്‍.

ബിഹാറില്‍ തോക്ക് കിട്ടുമെന്ന് ഇന്റര്‍നെറ്റ് വഴി അറിഞ്ഞിട്ടാണ് രാഖില്‍ ആ നാട്ടുകാരനായ സോനുകുമാറിനെ ബന്ധപ്പെട്ടത്. നാട്ടില്‍ എല്ലാ സഹായങ്ങളും സോനുകുമാര്‍ രാഖിലിന് ഉറപ്പു നല്‍കി. രാഖിലിന്റെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് ബിഹാറില്‍ താമസിച്ചതായി വിവരം ലഭിച്ചത്. ആദിത്യനെ ചോദ്യം ചെയ്തതിലൂടെ സോനുകുമാറിനെക്കുറിച്ചുള്ള വിവരം ലഭിച്ചു. എന്നാല്‍, തോക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആദിത്യന് അറിയില്ലെന്നാണ് കരുതുന്നത്.

ബിഹാര്‍ പോലീസിനൊപ്പം രണ്ടുദിവസത്തെ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്. സോനുകുമാറിനെ മുംഗേറില്‍ നിന്നും മനീഷ്‌കുമാറിനെ പട്നയില്‍ നിന്നുമാണ് സാഹസികമായി പിടിച്ചത്. കോതമംഗലം എസ്.ഐ. മാഹിന്‍ സലീമിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

ജൂലായ് 30-നാണ് കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയെ വെടിവച്ചു കൊന്ന് തലശ്ശേരി സ്വദേശി രാഖില്‍ സ്വയം വെടിവച്ചു മരിച്ചത്.

വെടിവെപ്പ് പരിശീലിച്ചതും ബിഹാറില്‍ 

കൊച്ചി: മാനസയെ വെടിവെച്ചു കൊലപ്പെടുത്താന്‍ രാഖില്‍ ആയുധ പരിശീലനം നേടിയതും ബിഹാറില്‍നിന്നു തന്നെയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിനാല്‍ത്തന്നെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രതികളെ കേരളത്തിലെത്തിച്ചാലും തോക്കിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ പോലീസ് വീണ്ടും ബിഹാറിലേക്ക് പുറപ്പെടും.

തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം നേടാന്‍ രണ്ടു തവണ അവസരം ഒരുക്കിയെന്നാണ് വിവരം. മുംഗേറിലോ അടുത്ത ഇടങ്ങളിലോ രാഖിലിന് ആയുധ പരിശീലനം ലഭിച്ചിരിക്കുമെന്നാണ് കരുതുന്നത്. 10 ദിവസത്തോളമാണ് രാഖില്‍ ബിഹാറില്‍ തങ്ങിയത്. ഇത് ആയുധ പരിശീലനം പൂര്‍ത്തിയാക്കാനായിരുന്നു. ആയുധ വ്യാപാര സംഘത്തിന്റെ ഏജന്റാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ മനീഷ്‌കുമാര്‍ വര്‍മ. പരിശീനത്തിനായി രാഖിലിനെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചത് മനീഷ്‌കുമാര്‍ ആണെന്നാണ് കരുതുന്നത്.

മനീഷ് മറ്റു സഹായങ്ങളും രാഖിലിന് ചെയ്തുനല്‍കി. സോനുകുമാറിന്റെ നിര്‍ദേശം അനുസരിച്ച് രാഖിലിനെ പാറ്റ്‌നയില്‍ നിന്ന് മുംഗേലേക്ക് എത്തിച്ചതും മനീഷാണ്. തോക്ക് വില്‍പ്പനക്കാരായ ആയുധ വ്യാപാര സംഘങ്ങളിലേക്ക് എത്താന്‍ പോലീസിനായിട്ടില്ല. മനീഷ്‌കുമാറിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.