നാറാത്ത്(കണ്ണൂര്‍): മകള്‍ ഡോക്ടറായി തിരിച്ചുവരുമെന്ന് കാത്തിരുന്ന അമ്മയ്ക്കും അച്ഛനും കേള്‍ക്കാനായത് അവരുടെ മരണവാര്‍ത്ത. ടി.വി.യില്‍ മിന്നിമറയുന്ന ആ നടുക്കുന്ന വാര്‍ത്തയിലെ പെണ്‍കുട്ടി തന്റെ മകളാണെന്ന് തിരിച്ചറിഞ്ഞ അമ്മ നെഞ്ചുരുകി നിലവിളിച്ചുപോയിരുന്നു. നാറാത്ത് 'പാര്‍വണം'എന്ന വീട് അതോടെ കണ്ണീര്‍ക്കടലായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് സംഭവിച്ച ദുരന്തം ആ വീട്ടിനെ ഇരുട്ടിലാക്കി.

നാറാത്ത് വിമുക്തഭടനായ മാധവന്റെ മകള്‍ മാനസയാണ് രാഖില്‍ എന്ന യുവാവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. രാഖിലും സ്വയം വെടിവെച്ച് മരിച്ചു.

മാനസയുടെ മരണവാര്‍ത്ത നാറാത്ത് ഗ്രാമത്തെയാകെ ദുഃഖത്തിലാഴ്ത്തി. സമ്പൂര്‍ണ ലോക്ഡൗണ്‍ കാരണം കൂടുതല്‍ പേര്‍ക്ക് ശവസംസ്‌കാരത്തിനോ അന്ത്യോപചാര ചടങ്ങുകള്‍ക്കോ പങ്കെടുക്കാനായില്ല. 

തേടിപ്പിടിച്ച് താമസിക്കുന്ന സ്ഥലത്തെത്തി ചോറുണ്ടുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ വെടിവെച്ച് കൊല്ലാന്‍ മാത്രം എന്ത് പ്രശ്‌നമാണുണ്ടായിരുന്നതെന്ന് ആര്‍ക്കും പറയാന്‍ കഴിയുന്നില്ല. മാനസയും ആരോടും ഒന്നും പറഞ്ഞിട്ടില്ല. രാഖില്‍ ശല്യപ്പെടുത്തിയപ്പോള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. അതോടെ യുവാവിന്റെ ബന്ധുക്കളെ വിളിച്ച് പോലീസ് പ്രശ്‌നങ്ങള്‍ സംസാരിച്ചിരുന്നു. ഇനി പ്രശ്‌നമൊന്നും ഉണ്ടാവില്ലെന്ന് രാഖിലും പറഞ്ഞിരുന്നു. മൊബൈല്‍ ഫോണില്‍നിന്ന് പോലും ഫോട്ടോ ഉള്‍പ്പടെ നീക്കിയിരുന്നു.

12-ാം ക്ലാസ് വരെ കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലാണ് മാനസ പഠിച്ചത്. കേന്ദ്രീയ വിദ്യാലയത്തിലും തുടര്‍ന്നും പഠനത്തില്‍ മാത്രം ശ്രദ്ധചെലുത്തുന്ന വിദ്യാര്‍ഥിനിയായിരുന്നുവെന്ന് കൂടെ പഠിച്ചവര്‍ ഓര്‍ക്കുന്നു. ഡ്രൈവിങ്ങിനോട് നല്ല താത്പര്യമുള്ള മാനസ നാട്ടിലെത്തിയാല്‍ കുടുംബാംഗങ്ങളോടൊപ്പം യാത്രചെയ്യാനാന്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു. എല്ലാ മാസവും നാട്ടിലെത്താറുള്ള മാനസ അവസാനമായി കോളജിലേക്ക് പോയത് ഒന്നരയാഴ്ച മുമ്പാണ്.