ചെന്നൈ: തമിഴ്‌നാട്ടില്‍ യൂട്യൂബ് വീഡിയോ മാതൃകയാക്കി കാമുകന്‍ പ്രസവമെടുക്കാന്‍ നടത്തിയ ശ്രമത്തെത്തുടര്‍ന്ന് പത്തൊമ്പതുകാരിയെ അത്യാസന്നനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ കൈ വേര്‍പെട്ടു. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവനുണ്ടായിരുന്നില്ല. യുവതിയുടെ കാമുകന്‍ സൗന്ദറിനെ (27) പോലീസ് അറസ്റ്റുചെയ്തു.
തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിഡിപ്പുണ്ടിക്കടുത്ത് കമ്മാര്‍പാളയത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം. എല്‍.പി.ജി. സിലിന്‍ഡര്‍ വിതരണക്കാരനായ പ്രതിയും കോളേജ് വിദ്യാര്‍ഥിനിയായ യുവതിയും രണ്ടുവര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയായി. വിവാഹിതരല്ലാത്തതിനാല്‍ വിവരം രഹസ്യമാക്കിവെച്ചു. ഏഴാംമാസത്തില്‍, കഴിഞ്ഞദിവസം പ്രസവലക്ഷണങ്ങള്‍ തുടങ്ങിയതോടെ യുവതി സൗന്ദറിനെ വിളിച്ചുവരുത്തി. പുറത്തറിയാതിരിക്കാന്‍ ആശുപത്രിയില്‍ പോകാതെ യുവതിയുമായി ബൈക്കില്‍ അടുത്തുള്ള തോട്ടത്തിലെത്തിയ ഇയാള്‍ യൂട്യൂബില്‍ പ്രസവമെടുക്കുന്ന വീഡിയോകള്‍ കണ്ട് സ്വയം പ്രസവമെടുക്കുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ ബലംചെലുത്തിയതോടെ കൈ ശരീരത്തില്‍നിന്ന് വേര്‍പെട്ടു. യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയുംചെയ്തു.
അപകടം മണത്ത സൗന്ദര്‍ യുവതിയെയുംകൊണ്ട് ബൈക്കില്‍ 25 കിലോമീറ്ററോളം സഞ്ചരിച്ച് പൊന്നേരി സര്‍ക്കാരാശുപത്രിയിലെത്തി. അവിടെ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഉടന്‍തന്നെ റോയപുരം ആര്‍.എസ്.ആര്‍.എം. ആശുപത്രിയിലേക്ക് ആംബലുലന്‍സില്‍ അയച്ചു.
അവിടെ തീവ്രപരിചരണവിഭാഗത്തില്‍ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ശരീരം പുറത്തെടുത്തത്. ആശുപത്രിയില്‍നിന്ന് വിവരമറിഞ്ഞെത്തിയ പോലീസ് സൗന്ദറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തായത്. ഇരുവരുടെ മാതാപിതാക്കളെയും പോലീസ് ചോദ്യംചെയ്തു.