കണ്ണൂര്‍: ദുബായിലെ സ്വകാര്യ കമ്പനിയില്‍നിന്ന് അഞ്ചരക്കോടി രൂപയുമായി മുങ്ങിയ പ്രതിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് പിടികൂടി. തളാപ്പ് ചാലില്‍ ഹൗസില്‍ ജുനൈദ് (24) ആണ് പിടിയിലായത്.

പ്രതി ജോലി ചെയ്യുന്ന പണവിനിമയ സ്ഥാപനമായ ഡിജിറ്റല്‍ അസറ്റ്‌സ് കൊമേഴ്ഷ്യല്‍ ബ്രോക്കര്‍ എല്‍.സി.സി. നിന്ന് 27,51,000 ദിര്‍ഹവും (ഏകദേശം അഞ്ചരക്കോടി രൂപ) ആയാണ് 2021 ഒക്ടോബര്‍ നാലിന് പ്രതിയും സുഹൃത്തും മുങ്ങിയത്. പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച് രഹസ്യമായി ഇവിടേക്ക് വരികയായിരുന്നു. കമ്പനിയില്‍ അടയ്‌ക്കേണ്ട കളക്ഷന്‍ തുകയുമായാണ് കടന്നത്. സഹപ്രവര്‍ത്തകന്‍ പഴയങ്ങാടിയിലെ റിസ്വാനെ പോലീസ് തിരയുന്നു. കമ്പനിയുടെ തലപ്പത്തുള്ള കണ്ണൂര്‍ സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പണം എന്തുചെയ്തുവെന്ന് അന്വേഷിച്ചുവരികയാണെന്ന് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി അറിയിച്ചു. എ.എസ്.ഐ.മാരായ അജയന്‍, ഷാജി, രഞ്ജിത് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.