പത്തനംതിട്ട: ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിലായി. നൂറനാട് സ്വദേശി ബാബുക്കുട്ടനെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ കഴിഞ്ഞ 28-നാണ് കേസിന് ആസ്പദമായ സംഭവം. ഒരാഴ്ചയായി ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയായിരുന്നു. 

പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവടില്‍നിന്നാണ് ബാബുക്കുട്ടനെ പോലീസ് പിടികൂടിയത്. ഇവിടെ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാളെ കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. റെയില്‍വേ പോലീസിന് ബാബുക്കുട്ടനെ കൈമാറും. 

ട്രെയിന്‍ കാഞ്ഞിരമറ്റം ഒലിപ്പുറത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ യുവതിയെ ബാബുക്കുട്ടന്‍ സ്‌ക്രൂഡ്രൈവര്‍ ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും ആഭരണങ്ങളും വാങ്ങിയെടുക്കുകയായിരുന്നു. പിന്നാലെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ പ്രാണരക്ഷാര്‍ഥം യുവതി ഓടുന്ന വണ്ടിയില്‍നിന്ന് ചാടി. തീവണ്ടിക്ക് വേഗം കുറവായതിനാലും വീണത് മണല്‍ത്തിട്ടയിലായതിനാലും ഗുരുതരമായി പരിക്കേറ്റിരുന്നില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്.

content highlights: man who attacked woman in running train arrested