പട്യാല: വിവാഹത്തിന് ഒരാഴ്ച മുമ്പ് പ്രതിശ്രുത വധുവിനെ നൈട്രജന്‍ ഗ്യാസ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ പഞ്ചാബില്‍ നാല്പതുകാരന്‍ അറസ്റ്റില്‍. പട്യാല സ്വദേശിയായ നവനീന്ദർപ്രീത്പാൽ സിങ് എന്നയാളാണ് പ്രതിശ്രുത വധുവായ ബദിന്‍ഡ സ്വദേശി ചുപീന്ദര്‍പാല്‍ കൗര്‍ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഭാര്യയേയും സമാനരീതിയില്‍ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചു.
 
ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു നവനീന്ദർപ്രീത്പാൽ സിങും ചുപീന്ദര്‍പാല്‍ കൗറും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഒക്ടോബര്‍ 20ന് ഇരുവരും വിവാഹിതരാകാനിരിക്കുകയായിരുന്നു. വിവാഹത്തിന് ഒരാഴ്ച മുമ്പ് ചുപീന്ദര്‍പാലിനെ നവനീന്ദർ നൈട്രജന്‍ ഗ്യാസ് ശ്വസിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പട്യാലയിലെ വീട്ടിലെ ബെഡ്‌റൂമില്‍ മറവുചെയ്തു. ഓക്ടോബര്‍ 14ന് അര്‍ധരാത്രിയില്‍ ചുപീന്ദര്‍ ദേഷ്യപ്പെട്ട് വീ്ട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് വീട്ടുകാരെ അറിയിക്കുകയും ചെയ്തു. 

വിവാഹത്തിന് അവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനായാണ് ചുപീന്ദര്‍പാല്‍ പട്യാലയില്‍ എത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. വീട്ടില്‍നിന്ന് സമ്മതം വാങ്ങിയ ശേഷം നവനീന്ദറിന്റെ വീട്ടിലാണ് അവര്‍ താമസിച്ചത്. ഓക്‌സിജന്‍ ശ്വസിച്ചാല്‍ മുഖത്തിന് തിളക്കം വര്‍ധിക്കുമെന്ന് വിശ്വസിച്ച് പ്രതി ചുപീന്ദറിനെക്കൊണ്ട് വാതകം ശ്വസിപ്പിക്കുന്നത്. എന്നാല്‍ ഓക്‌സിജന് പകരം നൈട്രജന്‍ സിലണ്ടറായിരുന്നു കണക്ട് ചെയ്തത്. 

പോലീസ് പിടിയിലായ നവനീന്ദർപ്രീത്പാൽ, തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഭാര്യയേയും സമാനരീതിയില്‍ കൊലപ്പെടുത്തിയതായി സമ്മതിച്ചത്. 2018 ഫെബ്രുവരിയിലാണ് സുഖ്ദീപ് കൗര്‍ എന്ന സ്ത്രീയെ ഇയാള്‍ വിവാഹം കഴിക്കുന്നത്. ഗര്‍ഭിണിയായിരുന്ന സുഖ്ദീപിനെ ഈ വര്‍ഷം സെപ്റ്റംബര്‍ 19നാണ് പ്രതി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് ഹൃദയാഘാതം മൂലമാണ് സുഖ്ദീപ് മരിച്ചതെന്ന് അവരുടെ മാതാപിതാക്കളെ വിശ്വസിപ്പിക്കുകയും മൃതദേഹം സംസ്‌ക്കരിക്കുകയും ചെയ്തു. 

രണ്ട് സ്ത്രീകളേയും പ്രതി നൈട്രജന്‍ വാതകം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ധം കുരുക്കാകും എന്ന തോന്നലിലാണ് രണ്ട് സ്ത്രീകളേയും കൊലപ്പെടുത്തിയതെന്നാണ് പ്രതി പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. 2018ല്‍ മറ്റൊരു സ്ത്രീയേയും ഇയാള്‍ വിവാഹം കഴിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം.

Content Highlights: Man uses nitrogen gas to murder pregnant wife, fiancée; arrested