മുംബൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ഓടുന്ന ട്രെയിനിനടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം. മുംബൈയിലെ ഘര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വഡാല സ്വദേശിയായ സുമേഷ് ജാദവാണ്(24) ഘര്‍ സ്വദേശിയായ 21-കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ 12 മണിക്കൂറിനുള്ളില്‍ പിടികൂടിയതായി പോലീസ് പറഞ്ഞു.
അമ്മയോടൊപ്പം പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയെയാണ് സുമേഷ് വലിച്ചിഴച്ച് ട്രെയിനിനടയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചത്. അമ്മയും മകളും ചേര്‍ന്ന് കൊലപാതകശ്രമം ചെറുക്കുകയായിരുന്നു. ഇതിനിടെ മറ്റുള്ളവര്‍ ഓടിയെത്തിയതോടെ യുവാവ് പ്ലാറ്റ്‌ഫോമില്‍നിന്ന് ഓടിരക്ഷപ്പെട്ടു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രതിയും യുവതിയും നേരത്തെ ഒരുമിച്ച് ജോലിചെയ്തവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് വര്‍ഷമായി ഇവര്‍ സൗഹൃദത്തിലായിരുന്നു. യുവാവ് മദ്യത്തിന് അടിമയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളുമായി യുവതി അകലംപാലിച്ചു. പക്ഷേ, യുവാവ് യുവതിയെ ശല്യപ്പെടുത്തുന്നത് തുടര്‍ന്നു. യുവതി പരാതിപ്പെട്ടിട്ടും ഇയാള്‍ പിന്‍വാങ്ങിയില്ല.
വെള്ളിയാഴ്ച രാത്രി അന്ധേരിയില്‍നിന്ന് ട്രെയിന്‍ കയറിയ യുവതിയെ ഇയാള്‍ പിന്തുടരുകയായിരുന്നു. സുമേഷ് പിന്തുടരുന്നത് തിരിച്ചറിഞ്ഞ യുവതി അമ്മയോട് ഘര്‍ സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഘര്‍ സ്റ്റേഷനില്‍ ഇറങ്ങിയ യുവതി അമ്മയോടൊപ്പം പോകുന്നതിനിടെ ഇയാള്‍ ഇരുവരെയും തടഞ്ഞുവെച്ചു. യുവതിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു. വിവാഹത്തിന് താത്പര്യമില്ലെന്ന് യുവതി തുറന്നുപറഞ്ഞതോടെ താന്‍ ആത്മഹത്യ ചെയ്യുമെന്നായി യുവാവിന്റെ ഭീഷണി. ഇതിനിടെ ഒരു ട്രെയിന്‍ സ്‌റ്റേഷനിലേക്ക് വരുമ്പോള്‍ മുന്നിലേക്ക് ചാടാനും ശ്രമിച്ചു. എന്നാല്‍ പ്ലാറ്റ്‌ഫോമിന്റെ അരികില്‍വരെ ഓടിയെത്തിയ യുവാവ് പിന്നീട് തിരികെവന്നു. തുടര്‍ന്നാണ് ഓടുന്ന ട്രെയിനിനടിയിലേക്ക് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കൊലപാതകശ്രമം കണ്ട് മറ്റുള്ളവര്‍ ഓടിയെത്തിയതോടെ യുവാവ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് പിടികൂടി. ആക്രമണത്തില്‍ യുവതിയ്ക്ക് തലയ്ക്ക് പരിക്കേറ്റതായും 12 സ്റ്റിച്ചുകളുണ്ടെന്നും പോലീസ് പറഞ്ഞു.
Watch: 'Spurned' 24-year-old man attempts to push woman under running train in Khar. #Mumbai pic.twitter.com/QJwnvWk8rw
— TOI Mumbai (@TOIMumbai) February 21, 2021
Content Highlights: man tried to push woman under running train in khar mumbai