ന്യൂഡല്‍ഹി: വഴക്കിട്ടതിന് പിന്നാലെ ഭാര്യയെ നൈനിറ്റാളിലേക്ക് കൊണ്ടുപോയി മലഞ്ചെരുവില്‍നിന്ന് തള്ളിയിട്ട യുവാവ് അറസ്റ്റില്‍. ഉത്തരാഖണ്ഡ് ഉദ്ദംസിങ് നഗര്‍ സ്വദേശി രാജേഷ് റായി(24)യെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ബബിത(29)യെ കഴിഞ്ഞ മാസം നൈനിറ്റാളിലെ കിഴുക്കാംതൂക്കായ മലഞ്ചെരുവില്‍നിന്ന് തള്ളിയിട്ടെന്നാണ് ഇയാളുടെ മൊഴി.

കഴിഞ്ഞ വര്‍ഷമാണ് ഡല്‍ഹി സ്വദേശിയായ ബബിതയും സെയില്‍സ്മാനായി ജോലിചെയ്യുന്ന രാജേഷും വിവാഹിതരാവുന്നത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് 2020 ജൂണില്‍ രാജേഷിനെതിരേ ബബിത പോലീസില്‍ പരാതി നല്‍കിയിരുന്നു. ഓഗസ്റ്റില്‍ ഇയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ചു. എന്നാല്‍ ഒക്ടോബറില്‍ ബബിത കേസ് പിന്‍വലിച്ചതോടെ രാജേഷ് പുറത്തിറങ്ങി. തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. 

എന്നാല്‍, വിവാഹത്തിനുശേഷം രാജേഷ് ബബിതയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. ദമ്പതിമാര്‍ക്കിടയില്‍ വഴക്കും പതിവായിരുന്നു. ഇതേത്തുടര്‍ന്ന് ബബിത സ്വന്തം വീട്ടിലേക്ക് തിരികെവരികയും ചെയ്തു. പിന്നീട് രാജേഷ് ഭാര്യയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുപോവുകയായിരുന്നു. 

കഴിഞ്ഞമാസം 11-നാണ് രാജേഷ് ഭാര്യയെ സ്വദേശമായ ഉത്തരഖാണ്ഡിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇതിനുപിന്നാലെ ബബിതയുടെ ഫോണ്‍ സ്വിച്ച് ഓഫായി. പല തവണ യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

സംഭവത്തില്‍ അന്വേഷണം നടത്തിയ ഡല്‍ഹി പോലീസ് ദിവസങ്ങള്‍ക്ക് മുമ്പാണ് രാജേഷിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ഭാര്യയെ മലഞ്ചെരുവില്‍നിന്ന് തള്ളിയിട്ടെന്ന് വ്യക്തമായത്. ഭാര്യയുമായി ആദ്യം വഴക്കുണ്ടായെന്നും ഇതിനു ശേഷം ഭാര്യയെ കൂട്ടി നൈനിറ്റാളിലേക്ക് പോയെന്നും മലഞ്ചെരുവില്‍നിന്ന് തള്ളിയിട്ടെന്നുമാണ് രാജേഷിന്റെ മൊഴി. കേസില്‍ രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ബബിതയുടെ ശരീരം കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു. 

Content Highlights: man took wife to nainital after fight and pushed her off cliff