ഭോപ്പാല്‍: ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ യുവാവ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കിണറ്റിലെറിഞ്ഞു. കിണറ്റില്‍ വീണ കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഭാര്യയും ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 

ദാദിയ സ്വദേശിയായ രാജാഭയ്യാ യാദവ്(35) ആണ് ഭാര്യ ബിട്ടിയെയും എട്ട് വയസ്സും ആറ് മാസവും പ്രായമുള്ള കുട്ടികളെയും കിണറ്റിലെറിഞ്ഞത്. ഇതില്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടിയാണ് മുങ്ങിമരിച്ചത്.

ഭാര്യ ഇതുവരെ ആണ്‍കുഞ്ഞിനെ പ്രസവിക്കാത്തതില്‍ ഇയാള്‍ക്ക് ദേഷ്യമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഭാര്യയെയും മക്കളെയും കിണറ്റിലെറിഞ്ഞത്. ഭാര്യയെയും മക്കളെയും ഭാര്യവീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയായിരുന്നു യുവാവിന്റെ ക്രൂരത. 

ബൈക്കില്‍ വരുന്നതിനിടെ വെള്ളം എടുക്കാനെന്ന് പറഞ്ഞാണ് യുവാവ് ആള്‍മറയില്ലാത്ത കിണറ്റിന് സമീപം വാഹനം നിര്‍ത്തിയത്. തുടര്‍ന്ന് ഭാര്യയെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. പിന്നാലെ രണ്ട് കുട്ടികളെയും കിണറ്റിലെറിഞ്ഞു. ഭാര്യ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മുകളില്‍നിന്ന് കല്ലെറിഞ്ഞു. ശേഷം സംഭവസ്ഥലത്തുനിന്ന് ബൈക്കില്‍ രക്ഷപ്പെട്ടു.

ഇതിനിടെ, കിണറ്റില്‍ വീണ യുവതിയും കുഞ്ഞുങ്ങളും സഹായത്തിനായി നിലവിളിച്ചെങ്കിലും ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ഒടുവില്‍ യുവതി ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലെടുത്ത് കിണറ്റില്‍നിന്ന് മുകളിലേക്ക് കയറി രക്ഷപ്പെട്ടു. എന്നാല്‍ എട്ടു വയസ്സുകാരി ഇതിനിടെ മുങ്ങിമരിച്ചിരുന്നു. പിന്നീട് നാട്ടുകാരെ വിവരമറിയിച്ച യുവതി ഛന്ദാല പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. 

ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിനാല്‍ ഭര്‍ത്താവ് തന്നോട്ട് നിരന്തരം ദേഷ്യപ്പെട്ടിരുന്നതായാണ് യുവതിയുടെ മൊഴി. അടുത്തിടെ വീണ്ടും പെണ്‍കുഞ്ഞ് ജനിച്ചതോടെ ഭര്‍ത്താവ് മോശമായി പെരുമാറുകയും സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു. ഇവിടെനിന്ന് കൂട്ടിക്കൊണ്ടു വരുന്നതിനിടെയാണ് ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചത്. ദമ്പതിമാര്‍ക്ക് മറ്റൊരു പെണ്‍കുട്ടി കൂടിയുണ്ട്. ഈ കുട്ടി യുവതിയുടെ വീട്ടിലായിരുന്നു. 

Content Highlights: man throws wife and two daughters into well in madhya pradesh