ചേലക്കര(തൃശ്ശൂര്‍): ഒരുവയസ്സുള്ള മകളെ റോഡിലേക്കെറിഞ്ഞ സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ പങ്ങാരപ്പിള്ളി അള്ളന്നൂര്‍ രാജഗോപാലി (38)നെയാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി മദ്യലഹരിയിലെത്തിയ രാജഗോപാല്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ സിന്ധുവിന്റെ കൈയിലുണ്ടായിരുന്ന മകള്‍ സാരംഗിയെ പിടിച്ചുവാങ്ങി റോഡിലേക്ക് എറിയുകയായിരുന്നു.

ബംഗളൂരുവില്‍ മരണപ്പെട്ട രാജഗോപാലിന്റെ സഹോദരന്റെ മരണാനന്തരച്ചടങ്ങുകള്‍ ഞായറാഴ്ചയാണ് നടന്നത്. ഇതിനുശേഷം വീട്ടിലെത്തിയ ഇയാള്‍ സ്വത്തുതര്‍ക്കത്തിനിടെയാണ് ഒരുവയസ്സുള്ള പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് റോഡിലേക്ക് വലിച്ചെറിയുന്നത്.

വെല്‍ഡിങ് പണിക്കാരനായ രാജഗോപാല്‍ കുറച്ചുകാലങ്ങളായി ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലായിരുന്നു ജോലിചെയ്തിരുന്നത്. രണ്ടുവര്‍ഷം മുമ്പ് നാട്ടിലെത്തിയ ഇയാളും കുടുംബവും സഹോദരന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്. രാജഗോപാലിന്റെ പേരില്‍ ഭാഗം കിട്ടിയ അഞ്ചു സെന്റ് സ്ഥലത്തിന്റെ ആധാരം തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. മദ്യപാനിയായതിനാല്‍ വീട്ടുകാര്‍ ഈ ആധാരം രാജഗോപാലിന് നല്‍കാന്‍ വിസമ്മതിച്ചു. ഇതോടെ തര്‍ക്കം രൂക്ഷമാവുകയും ഇതിനിടെ കുട്ടിയെ റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ചേലക്കര എസ്.ഐ. രാമു ബാലചന്ദ്രബോസിന്റെ നേതൃത്വത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെപേരില്‍ വധശ്രമത്തിന് പോലീസ് കേസെടുത്തു.

Content Highlights: Father throws daughter, chelakkara, thrissur, father and daughter, father, police,