ലഖ്നൗ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തിൽനിന്ന് നദിയിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ബൽറാംപുരിലാണ് സംഭവം. പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ഒരാളടക്കം രണ്ടുപേർ ചേർന്നാണ് മൃതദേഹം പാലത്തിൽനിന്ന് രപ്തി നദിയിലേക്ക് എറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

സിദ്ധാർഥനഗർ സ്വദേശി പ്രേംനാഥിന്റെ മൃതദേഹമാണ് നദിയിൽ ഉപേക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേർ ചേർന്നാണ് മൃതദേഹം പാലത്തിൽനിന്ന് നദിയിലേക്ക് തള്ളിയത്. ഇതിന്റെ ദൃശ്യങ്ങൾ ആ വഴി കാറിലെത്തിയ മറ്റൊരാൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

അതേസമയം, കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് പ്രേംനാഥിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതെന്ന് ബൽറാംപുർ ചീഫ് മെഡിക്കൽ ഓഫീസർ മാധ്യമങ്ങളോട് പറഞ്ഞു. മെയ് 25-നാണ് കോവിഡ് ബാധിച്ച് പ്രേംനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 28-ന് മരിച്ചു. തുടർന്ന് സംസ്കരിക്കാനായി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നും ഇവർ മൃതദേഹം നദിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ചീഫ് മെഡിക്കൽ ഓഫീസർ വിശദീകരിച്ചു.

Content Highlights:man throws body to river in uttar pradesh video goes viral