ഹരിപ്പാട്: വീട്ടില്‍ കയറി വീട്ടമ്മയെയും മകളെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. ചിങ്ങോലി തയ്യില്‍ വടക്കതില്‍ പ്രകാശനാ(42)ണ് പിടിയിലായത്. 10 എം.എം. എയര്‍പിസ്റ്റളും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.

വീട്ടമ്മയുടെ സഹോദരനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം വൈകീട്ടോടെയാണ് ഇയാള്‍ ചിങ്ങോലി ആയിക്കാട്ടുള്ള വീട്ടിലെത്തിയത്. വീട്ടമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം വീടിനുള്ളില്‍ കടന്നുകയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്‍ ആണ് പ്രതി ഉപയോഗിച്ചതെന്നും എന്നാല്‍, വീട്ടില്‍ അതിക്രമിച്ചു കടന്നതിനും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതിനുമാണ് ഇയാളെ അറസ്റ്റുചെയ്തതെന്നും പോലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ സുധിലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ഷഫീക്ക്, സന്തോഷ്, എ.എസ്.ഐ. സുരേഷ്, സിവില്‍ പോലീസ് ഓഫീസര്‍ ഷഹാസ്, ശരത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.