തിരുവനന്തപുരം: തലസ്ഥാനത്ത് വീടുകളും വാഹനങ്ങളും കടയും അടിച്ച് തകര്‍ത്ത് ഗുണ്ടാ സംഘത്തിന്റെ പരാക്രമം. നിരവധി ക്രമിനല്‍ കേസുകളിലെ പ്രതി ഉള്ളൂര്‍ക്കോണം ഹാഷിമിന്റെ നേതൃത്വത്തലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ഉള്ളൂര്‍ക്കോണത്ത് വീട്ടമ്മയുടെ കഴുത്തില്‍ വാള്‍ വെച്ച് ഭീഷണിപ്പെടുത്തി. സംഘം മൂന്ന് വീടുകളും മൂന്ന് ഇരുചക്രവാഹനങ്ങളും ഒരു കാറും അടിച്ച് തകര്‍ത്തു. പ്രദേശത്തെ ഒരു കടയും അക്രമികള്‍ അടിച്ച് തകര്‍ത്തു.

കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ പ്രദേത്ത് കട നടത്തിയിരുന്ന റംലാ ബീവിയുടെ കടയിലെത്തിയാണ് കഴുത്തില്‍ വാള്‍വെച്ച് ഭീഷണിപ്പെടുത്തിയത്. ഇവരുടെ മക്കളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. റംലാ ബീവിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് രാത്രി രണ്ടു മണിയോടെയാണ് മടങ്ങിയെത്തി അക്രമം നടത്തിയത്. വിവരമറിഞ്ഞ് പോലീസെത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു.

രാത്രി ഒമ്പത് മണിക്ക് കടയിലെത്തിയത് കൈവശം നാടന്‍ബോംബും ആയുധവുമായിട്ടാണെന്നും തന്റെ കഴുത്തില്‍ കത്തി വെച്ചശേഷം മക്കളെ പുറത്തേക്ക് ഇറക്കിവിടാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും റംലാബീവി പറയുന്നു. ഹാഷിമിന്റെ കഞ്ചാവ് വില്‍പ്പന പോലീസിനെ അറിയിക്കുന്നത് തങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണ് ഇത്തരം ആക്രമണം നടത്തിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. മുന്‍പും കാറുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.

പുലര്‍ച്ചെ രണ്ട് മണിയോടെ എത്തിയാണ് ആക്രമണം നടത്തിയത്. നാല് മണി വരെ ആക്രമണവും അസഭ്യവും തുടര്‍ന്നു. റംലാബീവിയുടെ മക്കളെ കൊല്ലാതെ മടങ്ങില്ലെന്നാണ് പ്രതി ഭീഷണിപ്പെടുത്തിയത്. വാഹനങ്ങളും വീടും കടയും അടിച്ച് തകര്‍ത്ത പ്രതി ഇന്ന് രാവിലെ വീണ്ടും വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വീടിന് തീയിടുമെന്നാണ് ഇന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും റംലാബീവി പറയുന്നു. ആദ്യം ഒറ്റയ്‌ക്കെത്തിയും പിന്നീട് സംഘം ചേര്‍ന്നുമാണ് ആക്രമണം നടത്തിയത്. പ്രതി ഇപ്പോള്‍ ഒളിവിലാണ്.

പ്രതി ഹാഷിമിനെതിരെ കഞ്ചാവ് കേസുകളും അടിപിടി കേസുകളും നിലവിലുണ്ട്. ഇയാള്‍ ഉള്ളൂര്‍ക്കോണം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും നടത്തുന്നയാളാണ്. ഇത് സംബന്ധിച്ച പരാതി പ്രദേശവാസികള്‍ പോലീസിനെ അറിയിക്കുന്നുവെന്ന് ആരോപിച്ചാണ് ഹാഷിമിന്റെ സംഘം ആക്രമണം അഴിച്ചുവിട്ടത്. നിരവധി കേസുകളില്‍ പ്രതിയായിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും ഇന്നലെ ആക്രമണം നടത്തിയ കാര്യം പറഞ്ഞിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

Content Highlights: man threatens to kill house wife and destroyed vehicles and home