ചെന്നൈ: 'അവനെ കൊലപ്പെടുത്തിയത് പോലെ നിന്നെയും കൊല്ലും', പുതിയ കാമുകനായ നന്ദകുമാർ അവഗണിച്ചതോടെ ചിത്രയുടെ ഭീഷണി ഇങ്ങനെയായിരുന്നു. മുൻകാമുകനെ കൊലപ്പെടുത്തിയരീതിയും അവർ കാമുകനോട് വിവരിച്ചു. കാമുകിയുടെ കഥകൾ കേട്ട് പകച്ച നന്ദകുമാർ അതെല്ലാം പോലീസിനെ അറിയിച്ചതോടെ പുറത്തറിഞ്ഞത് 10 മാസം മുമ്പ് നടന്ന ക്രൂരമായ കൊലപാതകം.

തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിന്നക്കംപാളയം സ്വദേശി രമേശിന്റെ ഭാര്യ ചിത്ര(23) തന്റെ പുതിയ കാമുകനെ ഭീഷണിപ്പെടുത്തിയതാണ് 10 മാസം മുമ്പ് നടന്ന കൊലപാതകം പുറത്തറിയാൻ കാരണമായത്. 2020 സെപ്റ്റംബറിലാണ്ചിത്രയും ഭർത്താവും യുവതിയുടെ മറ്റൊരു കാമുകനായ 16-കാരനും ചേർന്ന് മണികണ്ഠൻ(20) എന്നയാളെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടത്.

ചിത്രയുടെ രണ്ടാമത്തെ കാമുകനായിരുന്നു മണികണ്ഠൻ. ആരുമറിയാതെ ഇത്രയുംനാൾ മൂടിവെച്ചിരുന്ന കൊലപാതകത്തിൽ ചിത്രയുടെ മൂന്നാമത്തെ കാമുകനായി വന്ന നന്ദകുമാർ നൽകിയ വിവരമാണ് നിർണായകമായത്. ചിത്രയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. കേസിൽ ചിത്ര, ഭർത്താവ് രമേശ്, മറ്റൊരു കാമുകനായ 16-കാരൻ എന്നിവരെ പോലീസ് പിടികൂടുകയും ചെയ്തു.

സംഭവങ്ങളുടെ തുടക്കം

ചിന്നക്കംപാളയം സ്വദേശിയായ രമേശും ഭാര്യ ചിത്രയും ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ജോലിചെയ്തിരുന്നത്. ചിത്രയുടെ ബന്ധുവായ 16-കാരനും മണികണ്ഠൻ(20) എന്ന മറ്റൊരാളും ഇവരോടൊപ്പം ജോലിചെയ്തിരുന്നു. ഇതിനിടെ 16-കാരനുമായും മണികണ്ഠനുമായും ചിത്ര ഒരേസമയം രഹസ്യബന്ധം പുലർത്തി. രണ്ടുപേരെയും കാമുകന്മാരാക്കി.

2020 സെപ്റ്റംബറിൽ ചിത്രയും കാമുകന്മാരായ രണ്ടുപേരും ചേർന്ന് ഗ്രാമത്തിലെ ചന്തയിൽ പോയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇവിടെവെച്ചാണ് ചിത്രയ്ക്ക് തങ്ങൾ രണ്ടുപേരുമായും ബന്ധമുണ്ടെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. ഇതോടെ മദ്യലഹരിയിലായിരുന്ന 16-കാരനും മണികണ്ഠനും തമ്മിൽ തർക്കമുണ്ടായി.

വീട്ടിലെത്തിയിട്ടും അടിപിടി, കൊലപാതകം

ചന്തയിലെ പ്രശ്നങ്ങൾ അവസാനിപ്പിച്ച് വീട്ടിലെത്തിയെങ്കിലും യുവതിയുടെ കാമുകന്മാർക്കിടയിലെ തർക്കം അവസാനിച്ചില്ല. മണികണ്ഠൻ വീണ്ടും 16-കാരനെ മർദിച്ചു. ഇരുവരും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചു. ഇവരെ തടയാനെത്തിയ രമേശിനെ മണികണ്ഠൻ തള്ളിയിടുകയും കഴുത്തിൽ കയറുകൊണ്ട് മുറുക്കുകയും ചെയ്തു. ഇതോടെ ചിത്രയും 16-കാരനും മണികണ്ഠനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചു. തുടർച്ചയായ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ മണികണ്ഠൻ കൊല്ലപ്പെടുകയും ചെയ്തു.

മൃതദേഹം കുഴിച്ചിട്ടത് മൂവരും ചേർന്ന്

മണികണ്ഠൻ കൊല്ലപ്പെട്ടതോടെ എങ്ങനെയും മൃതദേഹം മറവുചെയ്യാനായിരുന്നു മൂവർസംഘത്തിന്റെ തീരുമാനം. അന്ന് രാത്രി തന്നെ രമേശും ചിത്രയും 16-കാരനും ചേർന്ന് കൃഷിയിടത്തിൽ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. പിറ്റേദിവസം മുതൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ജോലികളിൽ മുഴുകുകയും ചെയ്തു.

മണികണ്ഠന് കുടുംബവുമായോ മറ്റോ കാര്യമായ ബന്ധങ്ങളുണ്ടായിരുന്നില്ല. അതിനാൽ ഇയാളെ കാണാതായത് ആരിലും സംശയമുണ്ടാക്കിയതുമില്ല. കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നില്ല.

പുതിയ കാമുകൻ, ഭീഷണി

മണികണ്ഠൻ കൊല്ലപ്പെട്ട് മാസങ്ങൾക്ക് ശേഷമാണ് നന്ദകുമാർ(25) എന്നയാളുമായി ചിത്ര അടുപ്പത്തിലായത്. എന്നാൽ ഗർഭിണിയായതോടെ ഇയാൾ ചിത്രയെ അവഗണിച്ചുതുടങ്ങി. ഗർഭിണിയായ തന്നെ അവഗണിക്കരുതെന്ന് ചിത്ര അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഒരാഴ്ച മുമ്പ് ചിത്ര നന്ദകുമാറിനെ ഭീഷണിപ്പെടുത്തിയത്. ഇനിയും അവഗണന തുടർന്നാൽ മുൻകാമുകനായ മണികണ്ഠനെ കൊലപ്പെടുത്തിയത് പോലെ നന്ദകുമാറിനെയും കൊല്ലുമെന്നായിരുന്നു ചിത്രയുടെ ഭീഷണി. ഇതിനൊപ്പം കൊലപാതകം നടത്തിയതും അത് മറച്ചുവെച്ചതും യുവതി തുറന്നുപറഞ്ഞു. കാമുകിയുടെ ഭീഷണിയിൽ പകച്ചുപോയ നന്ദകുമാർ ഇക്കാര്യങ്ങളെല്ലാം ഉടൻതന്നെ പോലീസിൽ അറിയിക്കുകയായിരുന്നു.

അന്വേഷണം, പ്രതികൾ വലയിൽ

നന്ദകുമാർ നൽകിയ വിവരമനുസരിച്ച് പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് മണികണ്ഠൻ കൊല്ലപ്പെട്ടെന്ന് കണ്ടെത്തി. തുടർന്ന് ചിത്രയെയും ഭർത്താവ് രമേശിനെയും 16-കാരനെയും കസ്റ്റഡിയിലെടുത്തു. പോലീസിന്റെ ചോദ്യംചെയ്യലിൽ ഇവർ കുറ്റംസമ്മതിക്കുകയും ചെയ്തു. പ്രതികളുടെ മൊഴിയനുസരിച്ച് കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രതികൾക്കെതിരേ കൊലപാതകത്തിന് പുറമേ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും കേസെടുത്തതായി പോലീസ് അറിയിച്ചു.

Content Highlights:man threatened by lover and leads to discover 10 month old murder