സൂറത്ത്: ഗുജറാത്തിലെ വൽസാദിൽ ഭാര്യയെയും കാമുകനെയും യുവാവ് ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. വൽസാദിലെ കാജ്ലി ഗ്രാമത്തിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽവിട്ടു. മർദനത്തിനിരയായവർക്ക് പരാതിയില്ലെന്ന് പറഞ്ഞതിനാലാണ് പോലീസ് യുവാവിനെ വിട്ടയച്ചത്.

കൂലിപ്പണിക്കാരനായ യുവാവും ഭാര്യയും നേരത്തെ ഒരുമിച്ചായിരുന്നു താമസം. എന്നാൽ ഭാര്യയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന് യുവാവ് സംശയിച്ചിരുന്നു. ഇക്കാര്യത്തെച്ചൊല്ലി വഴക്കും പതിവായി. തുടർന്ന് ഭാര്യ കാജ്ലി ഗ്രാമത്തിലെ സ്വന്തം വീട്ടിലേക്ക് പോയി. തന്നെ സംശയമുണ്ടെങ്കിൽ അത് തെളിയിക്കണമെന്ന് വെല്ലുവിളിച്ചായിരുന്നു ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്.

ഭാര്യ സ്വന്തം വീട്ടിലേക്ക് പോയെങ്കിലും യുവാവിന്റെ സംശയം മാറിയിരുന്നില്ല. ഭാര്യയെ രഹസ്യമായി നിരീക്ഷിക്കാനും തുടങ്ങി. തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ഭാര്യയെ കാണാനായി വീട്ടിലെത്തിയ കാമുകനെ യുവാവ് കൈയോടെ പിടികൂടുകയായിരുന്നു. ഇരുവരെയും പൊതിരെ തല്ലുകയും കാമുകനെ നഗ്നനാക്കി ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്തു. ഭാര്യയെയും പോസ്റ്റിൽ കെട്ടിയിട്ട് തല്ലി. പിന്നീട് നാട്ടുകാരെത്തിയാണ് ഇവരെ രക്ഷിച്ചത്. ഇതിനിടെ ഗ്രാമവാസികളിൽ ചിലർ സംഭവം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്.

വീഡിയോ വൈറലായതോടെ നാനപോന്ദ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് മർദനത്തിനിരയായ കാമുകനെ ബന്ധപ്പെട്ടെങ്കിലും ഇയാൾ പരാതിയില്ലെന്ന് പറയുകയായിരുന്നു. തന്റെ ഭാഗത്താണ് തെറ്റെന്നും യുവതിയെ കാണാൻ പോയ താനാണ് തെറ്റുകാരനെന്നും ഇയാൾ പറഞ്ഞു. യുവാവിന്റെ ഭാര്യ ആദ്യം പോലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് പരാതി പിൻവലിക്കുകയാണെന്നും അറിയിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്ത യുവാവിനെ ജാമ്യത്തിൽ വിട്ടയച്ചത്.

Content Highlights:man thrashed his wife and her lover in gujarat