ആലപ്പുഴ: സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി. പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോകാന്‍ ഉറക്കം എഴുന്നേല്‍ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതക കാരണം. അരൂര്‍ കുത്തിയതോട് പള്ളിത്തോട് ചെട്ടിവേലിക്കകത്ത് തങ്കച്ചന്റെ മകന്‍ ഷാര്‍വിന്‍ എന്നുവിളിക്കുന്ന ഇമ്മാനുവലിനെ (22) കൊലപ്പെടുത്തിയ കേസിലാണ് സഹോദരന്‍ ഷാരോണ്‍ (24) പോലീസില്‍ കീഴടങ്ങിയത്.

ഇമ്മാനുവലും ഷാരോണും മത്സ്യത്തൊഴിലാളികളാണ്. പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോകുന്നതിന് എഴുന്നേല്‍ക്കാന്‍ താമസിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ എത്തുകയായിരുന്നു. ഷാരോണിന്റെ ആക്രമണത്തില്‍ ഇമ്മാനുവലിന്റെ തലയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന് മുകളില്‍നിന്ന് വീണെന്നു പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. ഇമ്മാനുവല്‍ 21-നാണ് മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിലാണ് തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് തെളിഞ്ഞത്.

ഇമ്മാനുവലിന്റെ മരണത്തെ തുടര്‍ന്ന് ഷാരോണ്‍ ഒളിവിലായിരുന്നു. ഇമ്മാനുവലിനെ വെട്ടാന്‍ ഉപയോഗിച്ച രക്തംപുരണ്ട അരിവാള്‍ പോലീസ് കണ്ടെടുത്തു. ഷാരോണിനെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.ശനിയാഴ്ച വൈകീട്ട് ചേര്‍ത്തല ഡി.വൈ.എസ്.പി പി.ബി. വിജയന്‍ മുന്‍പാകെ കീഴടങ്ങിയത്. ഈ മാസം 12-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Content Highlights: man surrenders after killing own brother