ബെംഗളൂരു: ലൈംഗികബന്ധത്തിന് വിസമ്മതിച്ച വീട്ടമ്മയെ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു. ബെംഗളൂരുവില്‍ താമസിക്കുന്ന മുപ്പതു വയസുകാരിക്കാണ് സുഹൃത്തിന്റെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ സുഹൃത്തും കെ.എസ്. ലേ ഔട്ടില്‍ താമസക്കാരനുമായ രഘുശാസ്ത്രിയെ (35) പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ യുവതി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 

കഴിഞ്ഞ ദിവസം രാത്രി എന്‍ഐസിഇ റോഡില്‍വച്ചാണ് സ്ത്രീയ്ക്ക് നേരേ ആക്രമണമുണ്ടായത്. ബെംഗളൂരുവിലെ സ്വകാര്യ പണമിടപാട് സ്ഥാപനയുടമയായ രഘുശാസ്ത്രിയും വീട്ടമ്മയായ യുവതിയും നേരത്തെ അടുപ്പത്തിലായിരുന്നു. അയല്‍വാസികളായിരുന്ന ഇരുവരും മൂന്നുവര്‍ഷത്തോളം ബന്ധം തുടര്‍ന്നു. ആറുമാസം മുമ്പ് ഇരുവരുടെയും വീട്ടുകാര്‍ ഈ ബന്ധത്തെക്കുറിച്ചറിഞ്ഞതോടെ രഘുശാസ്ത്രി കെ.എസ്. ലേഔട്ടിലേക്ക് താമസം മാറി.

ഇതിനിടെ യുവതി ബന്ധത്തില്‍ നിന്ന് പിന്മാറുകയും പ്രതി നേരത്തെ കൈക്കലാക്കിയ പണം തിരിച്ചു ചോദിക്കുകയും ചെയ്തു.  ഈ പ്രശ്‌നം പരിഹരിക്കാനെന്ന വ്യാജേനയാണ് കഴിഞ്ഞദിവസം രഘുശാസ്ത്രി യുവതിയെ വിളിച്ചുവരുത്തിയത്. 

ആര്‍.ആര്‍. നഗറിലെ ക്ഷേത്രത്തിന് സമീപത്ത് കണ്ടുമുട്ടിയ ഇരുവരും പിന്നീട് എന്‍ഐസിഇ റോഡിലേക്ക് പോയി. ഇവിടെവച്ച് സ്ത്രീയോട് അടുപ്പംതുടരാന്‍ ആവശ്യപ്പെടുകയും ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്‌തെങ്കിലും യുവതി വിസമ്മതിച്ചു. ഇതോടെയാണ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് രഘുശാസ്ത്രി വീട്ടമ്മയെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. റോഡരികില്‍ ചോരയില്‍ കുളിച്ചുകിടന്നിരുന്ന യുവതിയെ ഇതുവഴിയെത്തിയ യാത്രക്കാരാണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്.