പുണെ: നഗരത്തിനടുത്ത് വഡ്ഗാവില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടി. യു.പി. സ്വദേശിയും പുണെയില്‍ തൊഴിലാളിയുമായ രാമിലാന്‍ സിങ്ങിനെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് ബന്ദുനിരഞ്ജനാണ് കൊല്ലപ്പെട്ടതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. 

ബുധനാഴ്ചയാണ് വഡ്ഗാവില്‍ കത്തിക്കരിഞ്ഞനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ നിരഞ്ജനാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ആശുപത്രിയില്‍നിന്നുള്ള കുറിപ്പാണ് അന്വേഷണത്തിന് സഹായകമായത്. 

കൊല്ലപ്പെട്ടത് നിരഞ്ജനാണെന്ന് തെളിഞ്ഞതോടെ ഇയാളുടെ അടുത്ത സുഹൃത്തായ രാമിലാന്‍ സിങ്ങിനെ കസ്റ്റഡിയിലെടുത്തിരുന്നു. പോലീസിന്റെ വിശദമായ ചോദ്യംചെയ്യലിലാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്. 

അടുത്ത സുഹൃത്തായ നിരഞ്ജന്റെ ശാരീരികമായ ഉപദ്രവം വര്‍ധിച്ചതോടെയാണ് കൃത്യം നടത്തിയതെന്ന് രാമിലാന്‍ സിങ്  മൊഴി നല്‍കി. നിരഞ്ജന്‍ സ്ഥിരമായി സ്വവര്‍ഗരതിയിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിക്കാറുണ്ടായിരുന്നെന്നും ഇയാള്‍ പറഞ്ഞു. അതിക്രമം സഹിക്കാന്‍ വയ്യാതായതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സമീപത്തെ വിജനമായ ഒരു കുന്നിന്റെ മുകളിലേക്ക് നിരഞ്ജനുമായി രാമിലാന്‍ പോയി. ഇവിടെവെച്ച് ആദ്യം തലയില്‍ കല്ലുകൊണ്ട് ഇടിച്ചു. പിന്നാലെ ബിയര്‍ കുപ്പി കൊണ്ട് ദേഹമാസകലം കുത്തി. മരണം ഉറപ്പിച്ചശേഷം മൃതദേഹം കത്തിക്കുകയായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു. 

Content Highlights: man stabs male friend and set ablaze in pune