ഗുവാഹാട്ടി:  സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് യുവാവ് മരിച്ചു. അസമിലെ ഗുവാഹാട്ടിയിലെ ഒരു കടയില്‍ ജോലിചെയ്യുന്ന റിതുപര്‍ണ പെഗു(26)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കട ഉടമയായ അര്‍മാന്‍ അലി, മറ്റ് ജീവനക്കാരായ ദുലാല്‍ അലി, മനോവര ഖാത്തൂന്‍, ഹുസൈന്‍ അലി, ഇബ്രാഹിം അലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കേസിനാസ്പദമായ സംഭവം. 

അര്‍മാന്‍ അലിയുടെ കടയിലാണ് പെഗു ജോലിചെയ്തിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മറ്റുജീവനക്കാരും യുവാവും തമ്മില്‍ കസേരയെ ചൊല്ലി വഴക്കുണ്ടായി. ഇതിനിടെയാണ് ജീവനക്കാരില്‍ ഒരാള്‍ പെഗുവിനെ കത്തി കൊണ്ട് കുത്തിയത്. കുത്തേറ്റ പെഗു റോഡരികില്‍ വീണുകിടന്നു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘമാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. 

കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ദുലാല്‍ അലി, മനോവര ഖാത്തൂന്‍, ഹുസൈന്‍ അലി, ഇബ്രാഹിം അലി എന്നിവരെ വെള്ളിയാഴ്ച തന്നെ പിടികൂടി. കടയുടമയായ അര്‍മാന്‍ അലിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, ആരാണ് പെഗുവിനെ കുത്തിയതെന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല. 

Content Highlights: man stabbed to death in assam after rift over chair