പറവൂർ: യുവാവിനെ ഒരു സംഘം അക്രമികൾ കുത്തിക്കൊലപ്പെടുത്തി. റെന്റ് എ കാറിനെ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെടിമറ കാഞ്ഞിരപറമ്പിൽ പരേതനായ ബദറുദ്ദീന്റെയും മുംതാസിന്റെയും മകൻ മുബാറക് (24) ആണ് മരിച്ചത്. മുബാറക്കിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച വെടിമറ തോപ്പിൽ വീട്ടിൽ നാദിർഷാ (24) യ്ക്ക് പരിക്കേറ്റു. ഇയാളെ ചാലാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി ഒമ്പതരയോടെ മാഞ്ഞാലി മാവിൻചുവടിനു സമീപം ഒഴിഞ്ഞ പറമ്പിൽ െവച്ചാണ് കൊലപാതകം നടന്നത്. കുത്തേറ്റ മുബാറക്കിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആഴത്തിലുള്ള നാല് കുത്തുകൾ ശരീരത്തിൽ ഏറ്റിട്ടുണ്ട്. നെഞ്ചിലും വയറിന്റെ ഭാഗത്തും കൈകളിലുമാണ് കുത്തേറ്റത്. വാരിയെല്ലിനിടയിലൂടെ ഹൃദയത്തിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
മാഞ്ഞാലി തെക്കേത്താഴം തോപ്പിൽ റംഷാദ് (24), മാവിൻചുവട് കണ്ടാരത്ത് അഹമ്മദ് (35), ചെറുപറമ്പിൽ സാലി (21), വലിയവീട്ടിൽ റിയാസ് (35) എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേർക്കെതിരേയും പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്.
മാളയിലുള്ള ഒരാളിൽ നിന്ന് റിയാസ് എടുത്ത റെന്റ് എ കാർ നിശ്ചിത സമയത്ത് ഉടമയ്ക്ക് തിരിച്ചുകൊടുക്കാൻ തയ്യാറായില്ല. റിയാസ് അറിയാതെ മുബാറക് കാർ എടുത്തുകൊണ്ടുപോയി മാളയിലെ കാറുടമയ്ക്ക് നൽകിയതു സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രശ്നം പറഞ്ഞുതീർക്കാമെന്നു പറഞ്ഞ് പ്രതികൾ മുബാറക്കിനെ മാവിൻ ചുവട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തുക്കളെ കൂട്ടിയാണ് മുബാറക്ക് എത്തിയത്. വാക്കുതർക്കവും അടിപിടിയുമുണ്ടായി. തുടർന്നാണ് കൊലപാതകം നടന്നത്. റംഷാദാണ് കുത്തിയതെന്ന് മുബാറക്കിന്റെ സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: സന. മകൻ: ആറുമാസം പ്രായമുള്ള ഇബ്രാഹിം. പ്രതികൾ ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വെടിമറ, മാഞ്ഞാലി, മാവിൻചുവട് മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Content Highlights: man stabbed to death dispute over rent a car