ആറ്റിങ്ങല്‍: പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ കുത്തിപ്പരിക്കേല്പിച്ച കേസില്‍ പനവൂര്‍ കൊല്ലായില്‍ അജിത്ത് ഭവനില്‍ അജീഷിനെ(31) പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ലക്ഷ്മിയുടെ ഭര്‍ത്താവാണ് അജീഷ്. കേസില്‍ ലക്ഷ്മി ഒന്നാം പ്രതിയും അജീഷ് രണ്ടാംപ്രതിയുമാണ്. മംഗലപുരം ഇടവിളാകം നിജേഷ് ഭവനില്‍ നിധീഷിനാണ്(26) കുത്തേറ്റത്. ഇയാള്‍ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ദേശീയപാതയില്‍ കോരാണി ജങ്ഷനു സമീപമാണ് ആക്രമണമുണ്ടായത്. രാവിലെ 10 മണിയോടെ ലക്ഷ്മിയും അജീഷും രണ്ടരവയസ്സുള്ള കുഞ്ഞുമായി ഇവിടെയെത്തുകയും ഉച്ചയോടെ നിധീഷിനെ ഇവിടേയ്ക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ലക്ഷ്മിയും നിധീഷും തമ്മിലുള്ള സൗഹൃദം അജീഷ് അറിഞ്ഞത് കുടുംബകലഹങ്ങള്‍ക്കിടയാക്കിയിരുന്നു. കുടുംബപ്രശ്നങ്ങള്‍ക്ക് കാരണക്കാരനായ നിധീഷിനെ ഒഴിവാക്കാന്‍ താന്‍ അയാളെ കുത്തിപ്പരിക്കേല്പിച്ചുവെന്നാണ് ലക്ഷ്മി പോലീസിനോട് പറഞ്ഞിട്ടുള്ളത്. നിധീഷിനെ താന്‍ ആക്രമിച്ചിട്ടില്ലെന്ന നിലപാടിലാണ് അജീഷെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലക്ഷ്മിയെ ഒന്നാംപ്രതിയും അജീഷിനെ രണ്ടാംപ്രതിയുമായി കേസെടുത്തിട്ടുള്ളത്.

കുത്തേറ്റ നിധീഷിന്റെ മൊഴിയെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാളുടെ കഴുത്തില്‍ മുറിവുകളുണ്ട്. സംസാരിക്കാന്‍ കഴിയുന്ന സ്ഥിതിയിലായശേഷം മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ മൊഴി രേഖപ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് പോലീസ് പറഞ്ഞു. നിധീഷിനെ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ഒരുത്തന്‍ കുത്തിയെന്നാണ് ഡോക്ടറോട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് അജീഷിന്റെയും ലക്ഷ്മിയുടെയും മൊഴി പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. രണ്ട് പ്രതികളെയും പിന്നീട് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പും ചോദ്യംചെയ്യലും നടത്തുമെന്ന് പോലീസ് പറഞ്ഞു.

നിധീഷ് കുത്തേറ്റ് നിലവിളിക്കുമ്പോള്‍ കുഞ്ഞുമായി ബൈക്കില്‍കയറി രക്ഷപ്പെട്ട അജീഷ് കുഞ്ഞിനെ സഹോദരന്റെ വീട്ടിലാക്കിയശേഷം ഒളിവില്‍പോവുകയായിരുന്നു.

തിങ്കളാഴ്ച രാത്രി വെഞ്ഞാറമൂട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ ടി.രാജേഷ്‌കുമാര്‍, എസ്.ഐ. ജിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത അജീഷിനെ ചൊവ്വാഴ്ച സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയശേഷം കോടതിയില്‍ ഹാജരാക്കി.

 

Content Highlights: man stabbed in attingal woman's husband arrested by police